എടരിക്കോട് ടെക്സ്റ്റൈല്‍സ് പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷമാകുന്നു
1487558
Monday, December 16, 2024 6:12 AM IST
മലപ്പുറം: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈല്‍സ് പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷമാകാന്‍ രണ്ട് ദിനം മാത്രം ബാക്കി നില്‍ക്കെ എടരിക്കോട് ടെക്സ്റ്റൈല്‍സ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 18ന് രാവിലെ 10ന് മില്‍ പടിക്കല്‍ സമര പ്രഖ്യാപന കണ്വന്ഷന് നടത്തും.
2023 ഡിസംബര്‍ 18ന് ശേഷം എടരിക്കോട് ടെക്സ്റ്റൈല്‍സ് തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. 2023 ഫെബ്രുവരി 22 മുതല്‍ ഓഗസ്റ്റ് 20 വരെയും അടച്ചിട്ടിരുന്നു. തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദ്ദഫലമായി യൂണിയനുകളും മാനേജ്മെന്റും സംയുക്തമായി മില്‍ തുറക്കുന്നതിനും തൊഴിലാളികളുടെ കുടിശികകള്‍ അടച്ചു തീര്‍ക്കുന്നതിനും സമഗ്ര പാക്കേജ് വ്യവസായ വകുപ്പിന്റെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സെപ്തംബര്‍ 26, നവംബര്‍ ആറ് തിയതികളില്‍ രണ്ട് ഉദ്യോഗസ്ഥതല യോഗങ്ങള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.മുഹമ്മദ് അനീഷ് വിളിച്ചുചേര്‍ത്തു.
വിശദമായ റിപ്പോര്‍ട്ട് വ്യവസായ വകുപ്പിന് സമര്‍പ്പിക്കാന്‍ കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്പ്പറേഷന് എംഡി, ഡയറക്ടര്‍ ഒഫ് ഹാന്‍ഡില്‍ ആന്‍ഡ് ടെക്സ്റ്റൈല്‍സ് ബ്യൂറോ ഓഫ് പബ്ലിക് ട്രാന്‍സ്ഫോര്‍മിംഗ് ചെയര്മാന് എന്നിവരെ ചുമതലപ്പെടുത്തി.
എന്നാല്‍ നടപടികള്‍ മുന്നോട്ട് പോയില്ല. തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ, ഗ്രാറ്റിവിറ്റി, ലേ ഓഫ് വേതനം തുടങ്ങിയവയിലെ കുടിശികകള്‍ അടച്ച് തീര്‍ക്കാനും നടപടി ഉണ്ടായില്ലെന്ന് എടരിക്കോട് ടെക്സ്റ്റൈല്‍സ് എംപ്ലോയീസ് ഓര്ഗനൈസേഷന് യോഗം കുറ്റപ്പെടുത്തി.
മാനേജ്മെന്റ് ഇ.എസ്.ഐ വിഹിതം അടക്കാത്തതിനാല്‍ കാന്‍സര്‍, കിഡ്നി സംബന്ധമായ അസുഖങ്ങളുള്ളവര്‍ ചികിത്സിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മില്ലിലെ ഉദ്യോഗസ്ഥരെ മുഴുവനും
മറ്റ് യൂണിറ്റുകളിലേക്ക് മാറ്റിനിയമിച്ച് അവര്‍ക്ക് കൃത്യമായ ശമ്പളം
നല്‍കുന്നുണ്ട്. തൊഴിലാളികളുടെ കുടിശികകള്‍ തീര്‍ക്കാതെ മാനേജ്മെന്റിന്റെ നിലപാടും വ്യവസായ വകുപ്പിന്റെ പിടിപ്പുകേടുമാണ് മില്ലിലെ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും രണ്ട് തരമായി വേര്‍തിരിച്ച് കാണുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
യോഗത്തില്‍ അലി കുഴിപ്പുറം അധ്യക്ഷനായിരുന്നു. സിദ്ദീഖ് താനൂര്‍, പി. കെ.മുഹമ്മദ് ഷാഫി, വെട്ടന് വിശ്വനാഥന്, വി.കെ.ഫാത്തിമത്ത് സുഹറ, വി.അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.