നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം; ഒപി ടിക്കറ്റ് ലഭിക്കാത്തവര്‍ ബഹളംവച്ചു
1461398
Wednesday, October 16, 2024 4:26 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിയവര്‍ക്ക് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഒപി ടിക്കറ്റ് ലഭിക്കാതിരുന്നത് ബഹളത്തിന് കാരണമായി. ത്വക് രോഗ വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. ചികിത്സ തേടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയ രോഗികളില്‍ ഒരു വിഭാഗത്തിന് ഒപി ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവന്നു. ആദിവാസികള്‍ ഉള്‍പ്പെടെ ധാരാളം പേര് ചികിത്സ തേടി എത്തുന്ന നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ത്വക് രോഗവിഭാഗം ഒപിയിലുള്ളത് ഒരു ഡോക്ടര്‍ മാത്രമാണ്.
പരമാവധി 150 രോഗികള്‍ക്ക് മാത്രമാണ് ഈ ഒപിയില്‍ ഒരു ദിവസം ചികിത്സ ലഭിക്കുക. ഇന്നലെ ഒപി ടിക്കറ്റ് 150 കഴിഞ്ഞതോടെ തുടര്‍ന്ന് വന്നവര്‍ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധം നിലമ്പൂര്‍ പോലീസ് എത്തിയാണ് പരിഹരിച്ചത്.
ഒപി ടിക്കറ്റ് വിതരണം ചെയ്യുന്ന സമയത്ത് എത്തുന്നവര്‍ക്ക് ടിക്കറ്റ് നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ടിക്കറ്റ് ലഭിക്കാത്തവര്‍ പറഞ്ഞു. എന്നാല്‍, ത്വക് രോഗ ഒപിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളതെന്നും ഒരു ദിവസം 150 മുതല്‍ 200 രോഗികളെ വരെ പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി ലേ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ ആഴ്ചയില്‍ അഞ്ചുദിവസമാണ് ത്വക് രോഗവിഭാഗം ഒപിയില്‍ ഡോക്ടറുടെ സേവനമുള്ളത്. നിലവിലുള്ള ഡോക്ടര്‍ ഹസീന ബീഗം 150 മുതല്‍ 200 രോഗികളെ പരിശോധിച്ചു വരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയാണ്.
താത്കാലികമായി പ്രശ്നം പരിഹരിച്ചെങ്കിലും വരും ദിവസങ്ങളിലും ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടി എത്തുന്ന പലര്‍ക്കും ഒപി ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കാണിച്ച താത്പര്യം കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഉറപ്പ് വരുത്താനും കാണിക്കണമെന്നാണ് രോഗികളുടെ അഭിപ്രായം.