മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സ്ഥലം മാറ്റം: നിവേദനം നല്കി
1460320
Thursday, October 10, 2024 9:06 AM IST
മഞ്ചേരി: മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ സ്ഥലം മാറ്റുന്ന നടപടി നിര്‍ത്തിവയ്ക്കണമെന്നും ആശുപത്രി മഞ്ചേരിയില്‍നിന്ന് മാറ്റുന്ന നടപടിക്കെതിരെയും നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദയുടെ നേൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്കി.
മഞ്ചേരി ജനറല്‍ ആശുപത്രിയുടെ ഭാഗമായുള്ള സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ജില്ലയുടെ വിവിധ ആശുപത്രികളിലേക്ക് പുനര്‍വിന്യസിക്കുന്ന നടപടികള്‍ ആശങ്കാജനകമാണ്. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണം.
56 ഡോക്ടര്‍മാരില്‍ 12 അസിസ്റ്റന്റ് സര്ജന്മാരെ ഇതിനകം തസ്തികയോടെ അരീക്കോട്, കൊണ്ടോട്ടി താലൂക്ക് ആശുപത്രികളിലേക്ക് പുനര്‍വിന്യസിച്ചിരുന്നു. ഡോക്ടര്‍മാരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി ജനറല്‍ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണം. വേട്ടേക്കോട് കണ്ടെത്തിയ 50 ഏക്കര്‍ സ്ഥലത്ത് മെഡിക്കല്‍ കോളജ് മാറ്റി സ്ഥാപിച്ച് ജനറല്‍ ആശുപത്രി മഞ്ചേരിയില്‍ തന്നെ നിലനിര്‍ത്തണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നഗരസഭ തയാറാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്കും നിവേദനം നല്‍കുമെന്നും സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എന്‍.കെ. ഖൈറുന്നീസ, എന്‍.എം.എല്‍സി, കൗണ്‍സിലര്‍മാരായ മുജീബ് റഹ്മാന് പരേറ്റ, ഹുസൈന് മേച്ചേരി, അഷ്റഫ് കാക്കേങ്ങല്‍, സി. ഫാത്തിമ സുഹ്റ, ജസീനാബി അലി, ഷൈമ ആക്കല, ഫാത്തിമ സുഹ്റ, ടി. ശ്രീജ, വി.സി. മോഹനന്, മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ.ബി. മുഹമ്മദലി, ഷിഹാബ് എന്നിവര്‍ സംബന്ധിച്ചു.