നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ
1459490
Monday, October 7, 2024 5:58 AM IST
എടക്കര: നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി എടക്കര പോലീസിന്റെ പിടയിലായി. തൃശൂര്‍ തിരുവില്വാമല കലാനി വീട്ടില്‍ രഞ്ജിത്തി(40)നെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണില്‍ എടക്കര, വഴിക്കടവ്, ചുങ്കത്തറ സ്വദേശിനികളായ നഴ്സുമാരുടെ വാട്സാപ്പ് കൂട്ടായ്മയില്‍ നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
വിദേശത്തേക്ക് വിസ നല്‍കാമെന്ന് തെറ്റിധരിപ്പിച്ച് 34 നഴ്സുമാരില്‍ നിന്നും 10,95000 രൂപ വാങ്ങി വിസയോ പണമോ തിരികെ നല്‍കാതെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ചുങ്കത്തറ സ്വദേശിനിയാണ് വിസയ്ക്കായി ഇയാളെ ആദ്യം സമീപിച്ചത്. ഇവരുടെ വിശ്വാസം നേടിയെടുത്ത പ്രതി മറ്റ് 33 നഴ്സുമാരില്‍ നിന്നും വിസയ്ക്കായി പണം വാങ്ങി കബളിപ്പിക്കുകായിരുന്നു.
വിസ ലഭിക്കാതായതോടെ പണം നല്കിയവര് എടക്കര പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ മുങ്ങി. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്ക് അയച്ചു.
എടക്കര സ്റ്റേഷന് ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, എസ്ഐ ജയകൃഷ്ണന്, എഎസ്ഐമാരായ ഷാജഹാന്, ഏബ്രഹാം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബിറലി, സിപിഒമാരായ ഷാഫി, നജ്മുദീന് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.