മഞ്ചേരി-ഒലിപ്പുഴ റോഡ് വീതികൂട്ടാന്‍ ഏറ്റെടുത്ത സ്ഥലത്തിന് പട്ടയം നൽകാന് നീക്കമെന്ന്
1458819
Friday, October 4, 2024 4:48 AM IST
മഞ്ചേരി: മഞ്ചേരി-ഒലിപ്പുഴ റോഡിലെ പയ്യനാട് അങ്ങാടിയില്‍ റോഡ് വികസനത്തിനായി ഏറ്റെടുത്ത സത്രം വക ഭൂമിക്ക് പട്ടയത്തിനായി ഉടമ നല്കിയ അപേക്ഷയില്‍ റവന്യു ഉദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി പട്ടയം അനുവദിക്കാന്‍ ഇടപെടുന്നതായി പരാതി. പയ്യനാട് അങ്ങാടിയിലെ വീതിക്കുറവും ഗതാഗതക്കുരുക്കും കാരണം 2015ല്‍ റോഡ് വീതികൂട്ടാന്‍ പലരില്‍ നിന്നും ഭൂമി ഏറ്റെടുത്തിരുന്നു.
എന്നാല്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ 36.5 ഏക്കര്‍ സ്ഥലത്തില്‍ പെട്ട 64/2 സര്വേനമ്പറിലെ ഏകദേശം 29 സെന്റ് സ്ഥലം സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലമെന്ന നിലയില്‍ ഏറ്റെടുത്ത് റോഡിലേക്ക് ചേര്‍ത്തു. പൊതുമരാമത്ത് ഇവിടെ കരിങ്കല്‍കെട്ട് കെട്ടി ഉയര്‍ത്തി മണ്ണിട്ട് നിറച്ച് നിലവിലുള്ള റോഡിന്റെ ഭാഗമാക്കുകയും ചെയ്തു.
ഏറ്റെടുത്ത സ്ഥലമുള്‍പ്പെടെയുള്ള 91 സെന്റ് വരുന്ന സ്ഥലത്തിന്റെ ഉടമ സര്‍ക്കാര്‍ നടപടിക്കെതിരേ മലപ്പുറം ജില്ലാ കളക്ടര്‍, പിഡബ്ല്യുഡി എക്സിക്യൂട്ടിവ് എൻജിനിയര്‍, എല്എസ്പെഷല് തഹസില്‍ദാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമായില്ല. ഇതിനിടെയാണ് സത്രംവക ഭൂമിയുടെ കൈവശക്കാര്‍ക്ക് പട്ടയം നല്കാന് സര്‍ക്കാര്‍ ഉത്തരവായത്.
ഇതിന്റെ മറവിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡായി മാറുകയും കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ് വികസനം ആരംഭിക്കുകയും ചെയ്ത സ്ഥലത്തിനുകൂടി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പട്ടയം സമ്പാദിക്കാന്‍ ശ്രമിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ എം. പി. മെഹ്ബൂബ് കുരിക്കള്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിവിധ വകുപ്പുകളില്‍ നിന്ന് വിവരാവകാശം വഴി ലഭ്യമാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.