ലോറിയും വാനും കൂട്ടിയിടിച്ച് തൃശൂർ സ്വദേശി മരിച്ചു
1457893
Monday, September 30, 2024 11:24 PM IST
മഞ്ചേരി: അരീക്കോട് റോഡില്‍ ചെങ്ങരയില്‍ ടോറസ് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.
തൃശൂര്‍ കുന്നംകുളം ചൂണ്ടല്‍ സ്വദേശി പുളിക്കല്‍ സുബ്രഹ്മണ്യന്റെ മകന് പ്രദീപ് (52) ആണ് മരിച്ചത്. ചെങ്ങര മടാരുകുണ്ട് വളവില്‍ ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. തൃശൂരില്‍ നിന്ന് വെളിച്ചെണ്ണ, ഓയില്‍ എന്നിവയുമായി കാവനൂരിലേക്ക് വരികയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട പിക്കപ്പ് അരീക്കോട് ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും പിക്കപ്പ് വാനിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു പ്രദീപ്.
റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. ഭാര്യ: രാജി. മകള്‍: ഇതള്‍. മാതാവ്: സരോജിനി.