പുനരൈക്യ ശതാബ്ദി ആഘോഷവും ബൈബിള്‍ പ്രതിഷ്ഠയും
1457796
Monday, September 30, 2024 5:37 AM IST
കരുവാരകുണ്ട്: മലങ്കര സുറിയാനി കത്തോലിക്കസഭ 2030ല്‍ പുനരൈക്യ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി 2024 സെപ്റ്റംബര്‍ 20 മുതല്‍ 2025 സെപ്റ്റംബര്‍ 19 വരെ വചന വര്‍ഷമായി ആചരിക്കുകയാണ്.
കരുവാരകുണ്ട് വീട്ടിക്കുന്ന് സെന്റ് ജോര്‍ജ് സീറോ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തില്‍ വചന വര്‍ഷത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ ബൈബിള്‍ പ്രതിഷ്ഠക്ക് നിലമ്പൂര്‍ മേഖല വൈദിക സെക്രട്ടറി ഫാ. ജോര്‍ജ് ആലുംമൂട്ടില്‍ കാര്‍മികത്വം വഹിച്ചു.
പാറശാല രൂപതയില്‍ നടന്ന സഭാതല ഉദ്ഘാടനത്തിന്റെ തുടര്‍ച്ചയായാണ് വീട്ടിക്കുന്ന് സെന്റ് ജോര്‍ജ് സീറോ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ ബൈബിള്‍ പ്രതിഷ്ഠയും ഇടവക അംഗങ്ങള്‍ക്ക് വിശുദ്ധ ബൈബിളും മെഴുകുതിരിയും വെഞ്ചരിച്ച് നല്‍കലും നടത്തിയത്.
തുടര്‍ന്ന് സുവിശേഷ വായനയും വചനപ്രഘോഷണവും വചന വര്‍ഷ പ്രാര്‍ഥനയും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു. വൈകുന്നേരം ഏഴിന് വീടുകളില്‍ വചന പ്രതിഷ്ഠയും പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരുന്നു. ട്രസ്റ്റി അഭിലാഷ് കുന്നേല്‍, സെക്രട്ടറി വര്‍ഗീസ് ശങ്കരായിക്കുന്നത്ത്, സി.ജെയ്ന്‍ ഫ്രാന്‍സിസ്, ലിബിന് പുതുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.