ഓണം: പെരിന്തല്‍മണ്ണയില്‍ പോലീസ് പരിശോധന ശക്തം
1453260
Saturday, September 14, 2024 5:09 AM IST
പെരിന്തല്‍മണ്ണ: ഓണത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയതായി ഡിവൈഎസ്പി സജു കെ. ഏബ്രഹാം അറിയിച്ചു.ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്താന്‍ എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ പോലീസുകാരെ വിന്യസിക്കും.
മാളുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് സ്ത്രീ സുരക്ഷയ്ക്കായി വനിതാ പോലീസിനെ ഉള്‍പ്പെടുത്തി മഫ്തി പോലീസിനെ കൂടുതലായി നിയോഗിക്കും.
പൊതുയിടങ്ങളില്‍ അനധികൃതമായ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. പോക്കറ്റടിയും മോഷണവും അതിക്രമങ്ങളും തടയാന്‍ മഫ്തിയിലും പോലീസ് നിരത്തിലുണ്ടാകും. തിരക്ക് കൂടുതലുള്ള ഭാഗങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും.
വിവിധ പട്രോളിംഗും ഉണ്ടായിരിക്കും. ലഹരി ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്നത് കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്നും ഡിവൈഎസ്പി അറിയിച്ചു. മദ്യം, ലഹരി വസ്തുക്കള്‍ എന്നിവ മറ്റു ജില്ലകളില്‍ നിന്നെത്തുന്നത് തടയാന്‍ ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധന കര്‍ശനമാക്കും.
നേരത്തെ ലഹരി വസ്തുകേസുകളില് ഉള്‍പ്പെട്ടവരെയും ക്രിമിനലുകളെയും പ്രത്യേകം നിരീക്ഷിക്കുവാന്‍ സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡിവൈഎസ്പി അറിയിച്ചു.