പൂവിളി പൂവിളി പൊന്നോണമായി...
1453259
Saturday, September 14, 2024 5:09 AM IST
മലപ്പുറം: തിരുവോണത്തിനു ഒരുദിനം മാത്രം ബാക്കി നില്‍ക്കെ നാടെങ്ങും ആഘോഷ ലഹരിയിൽ. ഇന്ന് ഉത്രാട പാച്ചിലാണ്. അതുകൊണ്ടുതന്നെ നാടാകെ ഉത്സവത്തിമിര്‍പ്പില്‍. വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങി വിവിധയിടങ്ങളില്‍ പൂക്കളമൊരുക്കിയും മത്സരങ്ങള്‍ സംഘടിപ്പിച്ചും ഓണാഘോഷം നടക്കുകയാണ്.
വണ്ടൂര്‍ വിഎംസി ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഓണാഘോഷം നടത്തി. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ വരവേല്‍ക്കുന്ന പരമ്പരാഗത ശൈലിയില്‍ തുടങ്ങി ഫ്ളാഷ് മോബിലെത്തിയ പുതിയതലമുറയുടെ ഓണാഘോഷ പരിപാടി പുത്തന്‍ വൈബിലേക്ക് മാറി. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തില്‍ ഒരുക്കിയ മെഗാപൂക്കളം മനോഹരമായി. മണിക്കൂറുകള്‍ സമയമെടുത്താണ് വിദ്യാര്‍ഥികള്‍ പൂക്കളമൊരുക്കിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രവേശന കവാടത്തില്‍ നിന്നു മഹാബലിയെ പരമ്പരാഗത ശൈലിയില്‍, വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ഥികള്‍ ആനയിച്ചത്. ആഘോഷ പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ എന്‍.പി. ദീപ, അധ്യാപകരായ കെ. പ്രഹ്ലാദന്, ഹൈദരാലി പുന്നപ്പാല, വി. ഷാനവാസ്, ഇ. ബിനീഷ്, കെ. കപില്‍ദേവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ദേശീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓണക്കോടി വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പറേടന്‍ വിതരണോദ്ഘാടനം നിര്‍വിച്ചു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഹംസ പകര, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ റഹ്മാന് സാഹിബ്, കലാസാംസ്കാരിക വിഭാഗം സംസ്ഥാന പ്രസിഡന്റ് എടക്കര ശശിശങ്കര്‍, മഹിളാ ജനത ജില്ലാ പ്രസിഡന്റ് ഖദീജ വേങ്ങശേരി, വൈസ് പ്രസിഡന്റ് ശോഭന പഴമള്ളൂര്‍, യുവജനത ജില്ലാ പ്രസിഡന്റ് വിജേഷ് മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
നിലമ്പൂര്‍: നിലമ്പൂര്‍ സായംപ്രഭ പകല്‍വീട് ഓണാഘോഷം നടത്തി. പൂക്കളമൊരുക്കല്‍, ഓണപ്പാട്ട്, വിവിധയിനം മത്സരങ്ങള്‍ എന്നിവയുണ്ടായിരുന്നു. സായംപ്രഭ സെക്രട്ടറി പി.വി. നാരായണന് ഉദ്ഘാടനം ചെയ്തു. കെ.സി. രാജു, മുരുകന്, പി. ശിവശങ്കരന്, രുഗ്മിണി, രാധാബായ്, പദ്മിനി, മോഹന്‍ദാസ്, പി. സേതുമാധവന് എന്നിവര്‍ നേതൃത്വം നല്കി.
മമ്പാട്: മമ്പാട് എംഇഎസ് കോളജ് ഓണസൗഹൃദ സംഗമം സംഘടിപ്പിച്ചു. എ. പി. അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘടനം ചെയ്തു. എംഇഎസ് വൈസ് പ്രസിഡന്റ് ഇ.പി. മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. സുജാതവര്‍മ മുഖ്യാതിഥിയായിരുന്നു. നിലമ്പൂര്‍ എസ്എച്ച്ഒ മനോജ് പറയട്ട, കോളജ് മാനേജ്മെന്റ് സെക്രട്ടറി പ്രഫ. ഒ. പി. അബ്ദുറഹിമാന്, പ്രിന്‍സിപ്പല്‍ ഡോ. പി. പി. മന്‍സൂര്‍ അലി, ഡോ. എം. കെ. സാബിക്ക്, പി. കെ. അഷ്റഫ്, എംഇഎസ് താലൂക്ക് സെക്രട്ടറി അഷ്റഫ്, പ്രഫ. ഇസ്മായില്‍ സക്കരിയ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിലമ്പൂര്‍: നിലമ്പൂര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആവാസീയ് വിദ്യാലയയിലെ 41 കുട്ടികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കനറാ ബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ സമഗ്ര ശിക്ഷാ കേരളം നടത്തുന്ന എല്ലാ റസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളിലെയും കുട്ടികള്‍ക്ക് ഓണക്കോടി നല്‍കുന്നതിനായി 6,05,000 രൂപയാണ് കനറാ ബാങ്ക് അനുവദിച്ചത്.
കോവിഡിന് ശേഷം പഠനം നിര്‍ത്തിയ പുലിമുണ്ട "ഉന്നതി’യിലെ സുകുമാരന്‍ എന്ന വിദ്യാര്‍ഥി നിലമ്പൂര്‍ ഷെല്‍ട്ടര്‍ ഹോസ്റ്റലില്‍ നിന്ന് പഠിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ചത് ശ്രദ്ധേയമായിരുന്നു. 2023-24 വര്‍ഷം ഹോസ്റ്റലില്‍ നിന്ന് പഠിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിയും എസ്എസ്എല്‍സി പരീക്ഷ എഴുതിയ ഏഴ് വിദ്യാര്‍ഥികളും വിജയിച്ചിരുന്നു.
വിജയികളെ ഓണക്കോടിയും ഉപഹാരവും നല്കി അനുമോദിച്ചു. നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ അരുമ ജയകൃഷ്ണന് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖര്‍ പങ്കെടുത്തു.
തിരുവാലി: തിരുവാലി ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തി. അധ്യാപകരും വിദ്യാര്‍ഥികളും ഒരുക്കിയ മെഗാപൂക്കളം, നാടന്‍ കളികള്‍ എന്നിവ ആകര്‍ഷകമായി. പ്രധാനാധ്യാപകന് സി. കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രവീല്‍ വി. മേനോന് അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി. അഖിലേഷ്, എം. മുഹമ്മദ് ഷെരീഫ്, കെ.ജി. ശൈലജ, കെ.കെ. സപ്ന എന്നിവര്‍ നേതൃത്വം നല്കി.
മലപ്പുറം: മലപ്പുറം വൈഎംസിഎയും സബ് റീജിയൺ വനിതാ ഫോറവും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു. മലപ്പുറം സെന്റ് ജോണ്‍ ലൂഥറന്‍ പള്ളിയില്‍ നടന്ന പരിപാടി ഫാ. ജോണ്‍ ദാസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം വൈഎംസിഎ പ്രസിഡന്റ് എ. ജെ. ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു മാത്യു, സബ് റീജിയൺ വനിത ഫോറം കണ്‍വീനര്‍ ലില്ലി ആന്റണി, വൈസ് ചെയര്മാന് മാത്യു ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ ഗ്ലാഡ്സ്റ്റിന്‍ സന്തോഷ്, സീമ ഷാലറ്റ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.