ആദിവാസികള്‍ക്ക് ഓണപ്പുടവയും ഭക്ഷ്യകിറ്റും നല്കി
1452169
Tuesday, September 10, 2024 4:56 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ തോട്ടപ്പള്ളി സുപ്രീക്കാട് നഗറിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഓണപ്പുടവയും ഓണക്കിറ്റുമായി വനപാലകരെത്തി. അകമ്പാടം വനം സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി. കെ. മുഹസിന്റെ നേതൃത്വത്തിലാണ് കിലോമീറ്ററുകള്‍ കാട്ടുപാതയിലൂടെ കാല്‍നടയായി സഞ്ചരിച്ച് ഇവര്‍ സുപ്രിക്കാട് നഗറിലെ നാലു കുടുംബങ്ങള്‍ക്ക് ഓണത്തിനുള്ള ഭക്ഷ്യകിറ്റുകളും ഓണപ്പുടവയുമായി എത്തിയത്. തോട്ടപ്പള്ളി വരെ മാത്രമേ വാഹനങ്ങളെത്തൂ.
ഈ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വീടോ വൈദ്യുതിയോ ഒന്നുമില്ല. ഇവരുടെ സ്ഥിതി അറിഞ്ഞാണ് ചില സുമനസുകളുടെ സഹായത്തോടെ ഓണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ്. ആനന്ദ്, കെ.സി. ഉണ്ണി, അനീഷ്, കെ. ആതിര, എസ്. വിപിന്‍ രാജ്, ഇ.എസ്. സുധിഷ്, സിവില്‍ പോലീസ് ഓഫിസര്‍ അരുണ്‍, വാച്ചര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്.