പെരിന്തല്‍മണ്ണയില്‍ സംരംഭകത്വ പരിശീലനം നടത്തി
1450773
Thursday, September 5, 2024 5:01 AM IST
പെരിന്തല്‍മണ്ണ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംരംഭകത്വ പരിശീലന പരിപാടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.
സംരംഭം ആരംഭിക്കുമ്പോഴുള്ള ഉത്സാഹം നിലനിര്‍ത്തി കൊണ്ടുപോകണമെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്മാറാതെ സധൈര്യം മുന്നോട്ട് പോകണമെന്നും അദ്ദേഹം സംരംഭകരോട് ആഹ്വാനം ചെയ്തു.
പരിപാടിയില്‍ 65 പുതിയ സംരംഭകര്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോട്ട് വന്നു. സംരംഭങ്ങള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത, ഈസ് ഓഫ് ഡോയിംഗ് ബിസിനസ് നടപടിക്രമങ്ങള്‍, സാധ്യതാ സംരംഭങ്ങള്‍, സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികളും സേവനങ്ങളും, അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു.
പെരിന്തല്‍മണ്ണ ഉപജില്ലാ വ്യവസായ ഓഫീസര്‍ എ. സുനില്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ശിഹാബുള് അക്ബര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്ത്, താഴെക്കോട്, വാര്‍ഡ് മെംബര്‍ ഉമ്മുല്‍ ഫസീല, ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ സംരംഭ വികസന എക്സിക്യൂട്ടീവ്മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പെരിന്തല്‍മണ്ണ ഉപജില്ലാ വ്യവസായ ഓഫീസര്‍ എ. സുനില്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സി.ടി. ഷിഹാബുള് അക്ബര്‍, ആല്വിന് ബാബു, മുഹമ്മദ് റിസ്വാന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. മേലാറ്റൂര്‍ പഞ്ചായത്തിലെ മലബാര്‍ ഫുഡ്സ് സംരംഭത്തിന്റെ പ്രൊമോട്ടറായ എ.ബി. പ്രവീണ്‍ അനുഭവം പങ്കുവച്ചു.