തദ്ദേശ അദാലത്ത് ഇന്ന്
1450771
Thursday, September 5, 2024 5:01 AM IST
മലപ്പുറം: തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല തദ്ദേശ അദാലത്ത് ഇന്ന് രാവിലെ ഒമ്പത് മുതല്‍ മലപ്പുറം മേല്‍മുറി മഅദിന്‍ അക്കാഡമി ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
8.30 ന് രജിസ്ട്രേഷന് ആരംഭിക്കും. അദാലത്തില്‍ പരിഗണിക്കുന്നതിനായി ജില്ലയില്‍ 1354 പരാതികളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കിയ പരാതികളില്‍ അദാലത്ത് സ്ഥലത്ത് വെച്ച് തന്നെ അപേക്ഷകര്‍ക്ക് സേവനം ലഭ്യമാക്കും.
മന്ത്രിക്ക് നേരിട്ട് പരാതികള്‍ നല്‍കാനും അവസരമുണ്ട്. അദാലത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് മഅ്ദിന്‍ അക്കാഡമി കാമ്പസില്‍ ഒരുക്കിയത്. നിലവില്‍ ഓണ്‍ലൈനായി പരാതികള്‍ നല്കിയവര്ക്കും പുതുതായി പരാതി നല്കാന് എത്തുന്നവര്‍ക്കും വെവ്വേറെ രജിസ്ട്രേഷന് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കുന്ന ആറ് ഉപജില്ലാ സമിതികള്‍ക്കായി ആറ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അസിസ്റ്റന്റ് ഡയറക്ടര്‍ പദവിയിലുള്ള ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരാണ് ഇതിന് നേതൃത്വം നല്‍കുക. ഇത് കൂടാതെ ജില്ലാ, സംസ്ഥാന സമിതികള്‍ക്കായി വേറെ കൗണ്ടറുകളും പ്രവര്‍ത്തിക്കും.