പാര്ശ്വവല്കൃതരോടൊപ്പം നില്‍ക്കേണ്ടത് ഉത്തരവാദിത്തം: അസ്ഹറുദ്ദീന്
1450761
Thursday, September 5, 2024 4:56 AM IST
മലപ്പുറം നഗരസഭയില്‍ പരാതിക്കാര്‍ക്ക് പായസം പദ്ധതിക്ക് തുടക്കമായി
മലപ്പുറം: സമൂഹത്തിലെ ഏറ്റവും പാര്ശ്വവല്കൃതരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരോടും ചേര്‍ന്ന് നില്‍ക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പാര്‍ലമെന്റ് അംഗവുമായ മുഹമ്മദ് അസ്ഹറുദീന്. മലപ്പുറം നഗരസഭ ആരംഭിച്ച സമ്പൂര്‍ണ ജനപക്ഷം പദ്ധതിയുടെ ഭാഗമായ സൗജന്യ പായസവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഓഫീസിലെത്തുന്ന പരാതിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേകം തയാറാക്കിയ കൗണ്ടര്‍ മുഖേന സൗജന്യമായി പായസം വിതരണം ചെയ്യും.
കൂടാതെ പരാതിക്കാരോടൊപ്പം എത്തുന്ന കൈകുഞ്ഞുങ്ങള്‍ക്ക് ചോക്ലേറ്റും നല്‍കും. നഗരസഭയിലെ സന്ദര്‍ശകര്‍, പരാതിക്കാര്‍ എന്നിവര്‍ക്കിടയില്‍ നിന്ന് പ്രതിമാസം ഒരാളെയും വാര്‍ഷിക അടിസ്ഥാനത്തില്‍ മൂന്ന് വ്യക്തികളെയും തെരഞ്ഞെടുത്തു ബംപര്‍ സമ്മാനങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ളതാണ് പദ്ധതി. ഇതിനോടൊപ്പം വിവിധ സഹായ സംവിധാനങ്ങള്‍ നഗരസഭാ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.
മലപ്പുറം നഗരസഭക്ക് കീഴിലുള്ള പകല്‍വീടിലെ മുതിര്‍ന്ന അംഗത്തിന് പായസം നല്‍കിയും ബഡ്സ് സ്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിക്ക് ചോക്ലേറ്റ് നല്‍കിയുമാണ് അസ്ഹറുദീന് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷതവഹിച്ചു. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി, വൈസ് ചെയര്‍പേഴ്സണ്‍ ഫൗസിയ കുഞ്ഞിപ്പു കൊന്നോല,
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ. സക്കീര്‍ ഹുസൈന്, പി.കെ. അബ്ദുള്‍ ഹക്കീം, പരി അബ്ദുള്‍ ഹമീദ്, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സി. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലപ്പുറത്ത് സേവന ജീവകാരുണ്യ രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയതിനുള്ള നഗരസഭയുടെ ആദരവ് മലയില്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മലയില്‍ ഗദ്ദാഫി ഏറ്റുവാങ്ങി.