മഴയിൽ ഉണ്ടപ്പാറയിൽ മണ്ണിടിച്ചിൽ : കുളപ്പട പനയ്ക്കോട് റോഡിൽ മങ്ങാട്ടുപാറയ്ക്കു സമീപം ടാറിംഗ് കേടായി
1546298
Monday, April 28, 2025 6:46 AM IST
നെടുമങ്ങാട്: കുളപ്പട - പനയ് ക്കോട് - മന്നൂർകോണം റോഡിൽ മങ്ങാട്ടുപാറയ്ക്ക് സമീപം ടാറിംഗ് കേടായി. ടാറിംഗിന്റെ അടിഭാഗം താഴ്ന്നതാണ് ഇതിനു കാരണം. കുറച്ചു നാളായി ഇവിടെ ടാറിംഗ് തകർന്ന നിലയിലാണ്. ബസുകൾ ഉൾപ്പെടെ ഒട്ടേറെ വലിയ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്.
ഏഴു കിലോമീറ്ററിലധികം വരുന്ന റോഡിൽ ടാറിംഗ് നടത്തിയിട്ട് രണ്ടു വർഷത്തിലധികമായി. ഉഴമലയ്ക്കൽ–തൊളിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ഈ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഉണ്ടപ്പാറയിൽ റോഡിന്റെ വശങ്ങളിൽ മഴയിൽ മണ്ണിടിച്ചിലുമുണ്ട്.
വശത്ത് ഉയർന്ന് നിൽക്കുന്ന മൺത്തിട്ടയാണ് ഇടിഞ്ഞ് റോഡിലേക്ക് വീഴുന്നത്. ഇവിടെ ഒട്ടേറെ സ്ഥലങ്ങളിൽ മൺതിട്ട ഇടിച്ചു റോഡിന്റെ വശത്ത് ടാറിംഗിനോടു ചേർന്നു വീണുകിടക്കുന്നതും കാണാം.
മങ്ങാട്ടുപാറയ്ക്കു സമീപം ടാറിംഗ് കേടായ ഭാഗം ഉടനടി നവീകരിച്ചില്ലെങ്കിൽ വലിയ കുഴികൾ രൂപപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ഉണ്ടപ്പാറയിലെ മണ്ണിടിച്ചിലിനും ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ട്. റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.