പുതിയതുറ സെന്റ് നിക്കോളാസ് പള്ളിയിൽ തിരുനാളിനു കൊടിയേറി
1546285
Monday, April 28, 2025 6:36 AM IST
വിഴിഞ്ഞം: കൊച്ചെടത്വ എന്നും പൊറ്റയിൽ പള്ളി എന്നും അറിയപ്പെടുന്ന പ്രമുഖ തീർഥാടന കേന്ദ്രമായ വിശുദ്ധ നിക്കോളാസ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.
പുതിയതുറ കുരിശടിയിലെ ജപമാലയെ തുടർന്ന് അശ്വാരൂഡ സേന, കുരിശ് വാഹകർ, അൾത്താര ബാലകർ, മുത്തുകുട ചൂടിയ സ്ത്രീകൾ, വാദ്യമേളങ്ങൾ, ഭക്തസഭകൾ എന്നിവരുടെ അകമ്പടിയോടെ കൊടിമരത്തിലേക്കു പതാക പ്രദക്ഷിണം നടന്നു. കൊടിമരത്തിനു മുന്നിൽ പൂജ നൃത്തം, ഇടവക ചരിത്രം, പ്രാർഥന നൃത്തം എന്നിവുമുണ്ടായിരുന്നു. പരിശുദ്ധത്മാവിന്റെ ഗാനാലാപനവും ബൈബിൾ വായനയ്ക്കുംശേഷം വജ്ര ജൂബിലി ഗാനമായ "ദിവ്യാത്മ ഗീവർഗീസ്' പ്രകാശനം ചെയ്തു.
തുടർന്നു പതാക വെഞ്ചരിച്ച് ഇടവക വികാരി ഫാ. ഗ്ലാഡിൻ അലക്സ് കൊടിയേറ്റം നിർവഹിച്ചു. ഫാ. ജറാൾഡ് മുഖ്യകാർമികനായ ദിവ്യബലിയിൽ ഫാ. മൈക്കിൾ തോമസ് വചനപ്രഘോഷണം നടത്തി. ഇന്നു രാവിലെ ആറിനും 10.30 നും ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം ആറിനു പുതിയതുറ ബീച്ച് മൈതാനത്തിൽ ദിവ്യബലി ഉണ്ടായിരിക്കും.
പതിനായിരകണക്കിനു തീർഥാടകർ എത്തുന്ന തിരുനാൾ ദിനങ്ങളിൽ പോലീസ്, ഫയർ ഫോഴ്സ്, എക്സൈസ്, ആരോഗ്യം വകുപ്പ്, വാട്ടർ അഥോറിറ്റി, പിഡബ്ല്യൂഡി, കെഎസ്ഇബി എന്നീ വകുപ്പുകളുടെ സേവനം ഉണ്ടാകും. കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് ആരംഭിച്ചു.
തീർഥാടകരുടെ സഹയത്തിനായി സേവാസംഘം ഓഫീസും ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ വോളന്റിയർമാരും സജ്ജരാണ്. ജനപ്രധിനിധികളും ഉത്സവക്കമ്മിറ്റിയും ഇടവക കമ്മിറ്റിയും അടങ്ങുന്ന സംഘം ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ മുഴുവൻ വിലയിരുത്തും. തിരുനാളാഘോഷം മേയ് നാലിനു സമാപിക്കും.