അപകടത്തിൽപ്പെട്ടത് നിരവധി വാഹനങ്ങൾ : പൈപ്പിടാനെടുത്ത കുഴികൾ അപകടക്കെണികളാകുന്നു
1545951
Sunday, April 27, 2025 6:45 AM IST
മാറനല്ലൂർ: പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികൾ അപകടകെണികളാകുന്നു. ഇതുവരെ അപകടത്തിൽപ്പെട്ടതാകട്ടെ നിരവധി വാഹനങ്ങൾ. അവസനമായി ഇന്നലെ അപകടത്തിൽപ്പെട്ടത് സിമന്റ് ലോറിയും.
കാട്ടാക്കട ബാലരാമപുരം റോഡിൽ കണ്ടല മുതൽ മാറനല്ലൂർ വരെയുള്ള ഭാഗത്താണ് പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി അപകടക്കെണിയാകുന്നത്. ഒരുമാസം മുൻപാണ് പാതയോരത്ത് കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ചശേഷം മൂടിയത്. മണ്ണുമൂടിയ സ്ഥലങ്ങൾ വേനൽമഴയെത്തുടർന്നു ഇപ്പോൾ കുഴിയായി.
ഇതോടെയാണു പാതയോരത്തോടു ചേർത്തുനിർത്തുന്ന വാഹനങ്ങൾ കുഴിയിൽവീണ് അപകടത്തിൽപ്പെടുന്നത് പതിവായത്. ഇന്നലെ പുലർച്ചെ സിമന്റ് കയറ്റിവന്ന ലോറി കുഴിയിൽച്ചാടി. ലോറിയിൽ ഭാരം കൂടുതലായതിനാൽ ക്രെയിൻ ഉപയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സിമന്റ് ചാക്കുകൾ മറ്റൊരു വാഹനത്തിലേക്കു മാറ്റിയശേഷമാണ് ലോറി മാറ്റാൻ കഴിഞ്ഞത്.
പൈപ്പിടാനെടുത്ത കുഴികൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തണമെന്നു നിർദേശമുണ്ടെങ്കിലും പലപ്പോഴും മാസങ്ങൾകഴിഞ്ഞാണ് ഈ പണികൾ നടത്തുന്നത്. മൂന്നു ദിവസം മുൻപ് ഒരു കാർ ഈ കുഴിയിൽപ്പെട്ടു താണു. ഒടുവിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷമാണ് കാർ പൊക്കിയതും. ബൈക്കപകടങ്ങൾ നിരവധി നടന്നിട്ടുണ്ട്. പരിസരവാസികൾ ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫലമുണ്ടായില്ല.