പണം തിരിച്ചുനല്‍കുന്നില്ലെന്ന്; വയോധികന് ജ്വല്ലറി ഉടമയുടെ വീടിനു മുന്നില്‍ സമരമിരുന്നു
1545953
Sunday, April 27, 2025 6:45 AM IST
പേരൂര്‍ക്കട: ജ്വല്ലറിയില്‍ നിക്ഷേപിച്ച പണം തിരികെനല്കുന്നില്ലെന്നാരോപിച്ച് വയോധികന് ഉടമയുടെ വീടിനുമുന്നില്‍ സമരമിരുന്നു. കഴിഞ്ഞദിവസം രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണു വയോധികൻ ഒറ്റയാള്‍ സമരം നടത്തിയത്.
കൊല്ലം പുനലൂര്‍ സ്വദേശി അബൂബക്കര്‍ (70) ആണ് പ്രമുഖ ജ്വല്ലറി ഉടമയുടെ പൂജപ്പുരയിലെ വസതിക്കുമുന്നില്‍ സമരം നടത്തിയത്. പഴയ സ്വര്ണാഭരണങ്ങള്വിറ്റു 11 ലക്ഷത്തോളം രൂപ താന്‍ ജ്വല്ലറിയില്‍ 11 മാസത്തെ കാലാവധിയില്‍ നല്‍കിയെന്നും എന്നാല്‍ ജ്വല്ലറി സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പലരില്‍നിന്നും അറിഞ്ഞതോടെ ഇതു തിരികെ ആവശ്യപ്പെട്ടുവെന്നും ഇദ്ദേഹം പറയുന്നു.
താന്‍ നിക്ഷേപിച്ച പണത്തിനു കൂടുതല്‍ ആനുകൂല്യങ്ങളൊന്നും വേണ്ടെന്നും പണം തന്നാല്‍ മതിയെന്നുമായിരുന്നു അബൂബക്കറിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ നാലഞ്ചുമാസമായി താന്‍ കല്ലമ്പലത്തെ ജ്വല്ലറിശാഖയില് കയറിയിറങ്ങിയെന്നും എന്നാല്‍ ഇതുവരെയും പണം ലഭിച്ചില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.
മാനേജര്‍ ഒഴികഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞതോടെയാണ് അബൂക്കര്‍ ഉടമയുടെ പൂജപ്പുരയിലെ വീടിനുമുന്നില്‍ മണിക്കൂറുകള്‍ സമരം നടത്തിയത്. സംഭവത്തില്‍ കേസെടുത്തില്ല.