തകർന്നടിഞ്ഞ് പഴയ കട - കിഴവൻ മൂലകടവ് റോഡ്
1545674
Saturday, April 26, 2025 6:44 AM IST
വിഴിഞ്ഞം: പഴയ കട -കിഴവൻ മൂലകടവ് റോഡ് തകർന്ന് തരി പ്പണമായി വാഹനയാത്രക്കാരും കാൽനട യാത്രക്കാരും ദുരിതത്തിലായി. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് യാത്രക്കാർക്ക് ദുരിതമായി മാറിയത്. ബൈപ്പാസ് നിർമാതാക്കളായ ദേശീയപാത അധികൃതരുടെ ചതിയാണ് പ്രധാനമായി ജനത്തിന് വിനയായത്.
നെയ്യാറിന്റെ കരയിൽ സർവീസ് റോഡ് ഇല്ലാതാക്കിയ അധികൃതർ വാഹന ഗതാഗതം ആറിന് ഇരുവശത്തുമുള്ള പഴയ ബണ്ട് റോഡിലേക്ക് തിരിച്ചു വിട്ടു. എന്നാൽ ബൈപ്പാസിന്റെ സർവീസ് റോഡിലൂടെ വരുന്ന അന്യ സംസ്ഥാന വാഹനങ്ങൾക്ക് വരെ പ്രധാന പാതയായ നെയ്യാറ്റിൻകര - പൂവാർ റോഡിൽ പ്രവേശിക്കണമെങ്കിൽ കുണ്ടും കുഴിയി അപകടം നിറഞ്ഞ ഇവിടം താണ്ടണം.
ചെങ്കൽമഹേശ്വാരം ക്ഷേത്രം,നെയ്യാറ്റിൻകര രൂപതയുടെ തീർഥാടന കേന്ദ്രമായ വ്ലാത്താങ്കരസ ്വർഗാരോപിതമാതാ ദേവാലയം , തൊട്ടടുത്ത ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നിരവധി സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുന്നതും പതിവാണ്. ബൈപാസിനും ഒന്നര കിലോമീറ്റർ മാറി നെയ്യാറിന് കുറുകെ നിർമിച്ച കിഴവൻ മൂലകടവ് പാലത്തിന്റെ അപ്രോച്ച് റോഡു കൂടയാണിത്.
പാലം വരെ വീതി കൂടിയ റോഡുള്ളതിനാൽ തടസമില്ലെന്ന് കരുതിയെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളാണ് ദുരിതമനുഭവിക്കുന്നതിൽ ഏറെയും. ആരാധനാലയങ്ങൾക്കായി ബൈപ്പാസിൽ നെയ്യാറിന്റെ ഇരുവശങ്ങളിലും എൻട്രൻസ് അനുവദിക്കുമെന്ന് നിർമാണ വേളയിൽ ദേശീയപാത അധികൃതർ ജനത്തെ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു.
എന്നാൽ ബൈപാസ് നിർമാണം പൂർത്തിയായതോടെ എല്ലായിടവും അടച്ച് കെട്ടിയ അധികൃതർ തങ്ങളെ കബളിപ്പിച്ചതായി നാട്ടുകാർ പറയുന്നു. നിലവിൽ നൂറ് മീറ്റർ മാത്രം വീതിയുള്ള നെയ്യാറിന്റെ മറുകര താണ്ടാൻ ജനത്തിനും വാഹന യാത്രക്കാർക്കും നാല് കിലോമീറ്ററോളം യാത്ര ചെയ്യണം.
റോഡിന്റെ ശോച്യാവസ്ഥ മാറ്റിയില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുികാർ പറഞ്ഞു