വിഴിഞ്ഞം തുറമുഖം സന്ദർശിച്ച് മുഖ്യമന്ത്രി
1545931
Sunday, April 27, 2025 6:33 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കാനിരിക്കെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം വിഴിഞ്ഞത്തെത്തി.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തുറമുഖത്തെത്തിയ മുഖ്യമന്ത്രി, മന്ത്രിമാരായ വി.എൻ. വാസവൻ, വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, വിസിൽ എംഡി ഡോ. ദിവ്യ എസ്. അയ്യർ, തുറമുഖ സിഇഒ പ്രദീപ് ജയരാമൻ, കോർപറേറ്റ് അഫേഴ്സ് മേധാവി അനിൽ ബാലകൃഷ്ണൻ, മറ്റ് തുറമുഖ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അവലോകനയോഗം നടത്തി. അവിടെനിന്നു കപ്പലുകൾ നങ്കൂരമിടുന്ന വാർഫിലൂടെ വാഹനത്തിൽ സഞ്ചരിച്ച മുഖ്യമന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തി.
തുടർന്ന് തുറമുഖത്തിന്റെ സുരക്ഷാവേലിയായി കടലിനുള്ളിലൂടെ മൂന്നു കിലോമീറ്റർ ദൂരത്തിൽ നിർമിച്ച പുലിമുട്ടിന്റെ മുനമ്പ് വരെ എത്തിയ മുഖ്യമന്ത്രിക്ക് അധികൃതർ തുറമുഖത്തിന്റെ നിലവിലെ സാഹചര്യങ്ങൾ വിവരിച്ച് നൽകി. ഭാര്യ കമല, മകൾ വീണാ വിജയൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി കൂടിയാണു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തെ വികസനക്കുതിപ്പിലേക്കു നയിക്കുന്ന തുറമുഖംമേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. ഇതോടൊപ്പം രണ്ടാം ഘട്ട നിർമാണോദ്ഘാടനവും ഉണ്ടാകും. ഇതിനായി തുറമുഖ കവാടത്തിനോു ചേർന്ന് ആയിരങ്ങൾക്ക് ഇരിക്കാൻ പാകത്തിലുള്ള വേദി ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
റോഡുമാർഗമുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരം എയർപോർട്ടിൽനിന്ന് ആകാശമാർഗം പ്രധാനമന്ത്രി വിഴിഞ്ഞത്തെത്താനുള്ള സാധ്യതകൾ കണക്കിലെടുത്ത് മൂന്നു ഹെലിപാഡുകളും ഒരുങ്ങുന്നു. ഇതോടൊപ്പം ഹെലികോപ്റ്ററുകളുടെ അടിയന്തിര ലാൻഡിംഗിനായി കവാടത്തിനു സമീപവും സൗകര്യമൊരുക്കുമെന്നുഅധികൃതർ അറിയിച്ചു. ഇതിനുള്ള ഔദ്യോഗിക തീരുമാനം എസ് പിജിയിൽനിന്നു കിട്ടേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു.