വിതുര ജെഴ്സിഫാമിൽ തൊഴിലാളികളുടെ പ്രതിഷേധം
1546295
Monday, April 28, 2025 6:46 AM IST
വിതുര : വിതുര ജെഴ്സിഫാമിന്റെ ഭൂമി കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിനു കൈമാറാൻ നീക്കം നടക്കുന്നതായി ആരോപിച്ച് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലം പരിശോധിക്കാൻ കെഎൽഡി അധികൃതർ എത്തിയതായി തൊഴിലാളികൾ പറയുന്നു. ഇതിനെ തുടർന്നാണ് അവരുടെ പ്രതിഷേധം.
എന്നാൽ കാലി വളർത്തലും പാൽ ഉദ്പാദനവും വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറയുന്നു. സൗകര്യമുള്ള ഭൂമിക്കായി വിവിധ ഫാമുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നാണ് അവരുടെ വിശദീകരണം. 400-ഹെക്ടറിലധികം വിസ്തീർണമുണ്ടായിരുന്ന ഭൂമിയിൽ നിന്നാണ് ഐസറിന് സ്ഥലം നൽകിയത്. നിലവിൽ 99-ഹെക്ടർ മാത്രമാണ് അവശേഷിക്കുന്നത്.
ജില്ലയിൽ തന്നെ പാലുദ്പാദനത്തിൽ മുൻ പന്തിയിലാണ് ഫാം. എന്നാൽ തീറ്റപ്പുല്ല് നട്ടുപിടിപ്പിക്കാനുള്ള സ്ഥലം അപര്യാപ്തമാണെന്നാണ് ജീവനക്കാർ പറയുന്നത്. ഈ സാഹചര്യത്തിൽ കെഎൽഡിക്ക് സ്ഥലം വിട്ടുനൽകുന്നത് ഫാമിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമാകുമെന്നും അവർ പറയുന്നു.
നിലവിൽ 400- പശുക്കളാണ് ഫാമിലുള്ളത്. 1400 ലിറ്റർ പാൽ പ്രതിദിനം ഉദ്പാദിപ്പിക്കുന്നു. കൂടാതെ 150-ലധികം ആടുകളും ഇവിടെയുണ്ട്. 116- സ്ഥിരം തൊഴിലാളികൾ ജോലി ചെയ്യുന്നു. കൂടാതെ കാഷ്വൽ, ദിവസ വേതന വിഭാഗത്തിൽ 37 പേരുമുണ്ട്.