തൊണ്ടിവാഹനങ്ങള്‍ ഇഴജന്തുക്കളുടെ താവളം : ഗവ. പ്രസ് റോഡിലൂടെ സഞ്ചരിക്കുന്നവര്‍ ഭീതിയില്‍
1545950
Sunday, April 27, 2025 6:45 AM IST
പേരൂര്‍ക്കട: തൊണ്ടിവാഹനങ്ങള്‍ കുന്നുകൂടിയതോടെ മണ്ണന്തല ഗവ. പ്രസിനു സമീപത്തെ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ ഭീതിയില്‍. ഇഴജന്തുഭയമാണ് ഇവരെ നിരന്തരം അലട്ടുന്നത്. ഇടുങ്ങിയ റോഡിലൂടെ രാത്രിയാത്ര ഏറെ ക്ലേശകരമാണ്. തീര്‍ത്തും ധൈര്യമുള്ളവര്‍ക്കുമാത്രമേ കൂറ്റന്‍ മരങ്ങള്‍ സ്ഥിതിചെയ്യുന്ന ഈ ഭാഗത്തുകൂടി നടന്നുപോകാന്‍ സാധിക്കൂ.
മണ്ണന്തല സ്റ്റേഷന് പരിധിയില്‍ പിടിക്കപ്പെടുന്ന തൊണ്ടിവാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് ഇടറോഡിലാണ്. 10 വര്‍ഷത്തിനു പുറത്തു പ്രായമുള്ള തൊണ്ടിവാഹനങ്ങള്വരെ ഇക്കൂട്ടത്തിലുണ്ട്. കാറുകളും ഓട്ടോറിക്ഷകളും ബൈക്കുകളും എന്നുവേണ്ട കേസുകളില്‍ പിടിക്കപ്പെടുന്ന മണ്ണടിക്കുന്ന ടിപ്പര്ലോറികള്വരെ കൊണ്ടിടുന്നത് വിസ്താരംകുറഞ്ഞ റോഡിലാണ്.
വാഹനയാത്രയ്ക്ക് തടസമുണ്ടാകുന്നില്ലെങ്കിലും രാത്രികാലങ്ങളില്‍ തെരുവുവിളക്കുകള്‍ ചില സമയങ്ങളില്‍ മാത്രം പ്രകാശിക്കുന്ന റോഡിലൂടെ പാമ്പുകളെയും പെരുച്ചാഴികളെയും എലികളെയും മറ്റും ഭയന്നുവേണം പോകാന്‍.
വാഹനങ്ങളുടെ മറപറ്റി നില്ക്കുന്ന മദ്യപരുടെ ശല്യം വേറെയും. രാത്രി 11 മണിക്കുശേഷമാണ് ഇവര്‍ ഇവിടെ താവളമടിക്കുന്നത്. പോലീസിന്റെ രാത്രികാല പട്രോളിംഗിന്റെ ആദ്യഘട്ടം അവസാനിച്ചശേഷമാണ് ഇവര്‍ ഇവിടം വിഹാരരംഗമാക്കുന്നത്.
മണ്ണന്തല ഗവ. പ്രസിനു സമീപത്തെ റോഡിലൂടെ എളുപ്പത്തില്‍ എം.സി. റോഡിലേക്കു ചെല്ലാനാകും. കഷ്ടിച്ച് അരകിലോമീറ്ററാണു ദൂരം. അതുകൊണ്ടുതന്നെ ഇതുവഴി തെരഞ്ഞെടുക്കുന്ന കാല്‍നടയാത്രികര്‍ക്ക് സുരക്ഷിതമായ പാത ഒരുക്കണമെങ്കില്‍ തൊണ്ടിവാഹനങ്ങള്‍ ഇവിടെനിന്നു നീക്കംചെയ്യേണ്ടതുണ്ട്. കാലാകാലങ്ങളില്‍ ലേല നടപടികള്‍ ഉണ്ടാകാത്തതാണു തൊണ്ടിവാഹനങ്ങള്‍ കുന്നുകൂടാന്‍ കാരണം.