ഫണ്ട് അനുവദിച്ചിട്ടും രക്ഷയില്ല; എന്‍സിസി കുളം അവഗണനയില്‍
1546294
Monday, April 28, 2025 6:46 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം നഗരസഭ അഞ്ചുകോടി രൂപ ഫണ്ട് അനുവദിച്ചിട്ടും കരാറുകാരന് കനിയാത്തതിനാല്‍ പാറോട്ടുകോണത്തെ എന്‍സിസി കുളം അവഗണനയില്‍. ചതുരാകൃതിയിലുള്ള കുളത്തിലെ വെള്ളം ശുചീകരിച്ച് പായല്‍ നീക്കല്‍, ഇടിഞ്ഞുവീണ സംരക്ഷണഭിത്തി കെട്ടല്‍, കുളത്തില്‍ മഴക്കാലത്ത് കൂടുതലായി വരുന്ന വെള്ളം കനാല്‍വഴി തിരിച്ചുവിടല്‍ എന്നിവയാണ് പദ്ധതിയില്‍ ഉണ്ടായിരുന്നത്.
കുളത്തിന്റെ ഒരുഭാഗം ഇടിച്ചുപൊളിച്ചതോടെ സ്വകാര്യവ്യക്തികള്‍ക്ക് വീടുകളിലേക്ക് പോകാനുണ്ടായിരുന്ന വഴി നഷ്ടമായി. കരിങ്കല്ലുകളിലും സ്ലാബുകളിലും കാല്‍വച്ചാണ് ഇവര്‍ ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പണിക്കാവശ്യമായ പലകള്‍ കുളത്തിനു സമീപം കൊണ്ടിറക്കിയത് ചിതലുകള്‍ കയറാവുന്ന അവസ്ഥയിലാണ്.
കുളത്തിനു നഗരസഭ ഫണ്ട് അനുവദിച്ചിട്ട് ആറുമാസം കഴിഞ്ഞുവെന്നാണ് സൂചന. ഫണ്ട് വേണ്ടുന്നവിധം ഉപയോഗിക്കാതെ കരാറുകാരന് ഉരുണ്ടുകളിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം കുളത്തിന്റെ കരാര്‍ ഏറ്റെടുത്തയാള്ക്കു പണി ചെയ്യുന്നതുമൂലം നഷ്ടം സംഭവിക്കുമെന്നും അതുകൊണ്ട് അയാള്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചതാണെന്നും ആരോപണമുണ്ട്.
നിരവധി ജനങ്ങള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കു കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നതാണ്. കുളം നാശോന്മുഖമാവുകയും പരിസരം കാടുപിടിക്കുകയും ചെയ്തതോടെ കഞ്ചാവു മാഫിയ ഈ ഭാഗത്ത് തമ്പടിക്കുന്നുണ്ട്. പട്രോളിംഗിനിടെ ഇത്തരം സാമൂഹികവിരുദ്ധരെ മണ്ണന്തല പോലീസ് പിടികൂടാന്‍ ശ്രമിക്കാറുണ്ടെങ്കിലും അവര്‍ ഓടി രക്ഷപ്പെടുകയാണ് പതിവ്.