തൃക്കണ്ണാപുരത്ത് ചതുപ്പുനിലത്ത് തീപിടിത്തം
1545671
Saturday, April 26, 2025 6:44 AM IST
പേരൂര്‍ക്കട: തൃക്കണ്ണാപുരത്ത് ചതുപ്പുനിലത്ത് കൂടിക്കിടന്ന മൂന്നുലോഡ് ചവറുകള്‍ക്ക് തീപിടിച്ചു. ആറാംമട പൗള്ട്രിഫാമിനടുത്തുള്ള ചതുപ്പുനിലത്തുകിടന്ന ചവറിനാണ് തീ പിടിച്ചത്.
ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. ടൈല്‍സ്, ക്ലോസറ്റ്, മള്‍ട്ടി വുഡ്, മരപ്പൊടി, പ്ലാസ്റ്റിക്കുകള്‍, പേപ്പര്‍ വേസ്റ്റുകള്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. തിരുവനന്തപുരം നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സജിയുടെ നേതൃത്വത്തില്‍ ഫയര്‍ആൻഡ് റസ്ക്യു ഓഫീസര്‍മാരായ നാസിം,
രാഹുല്‍, ഷാജന്, സൈമണ്‍, ഷമീര്‍, ഹോം ഗാര്‍ഡ് വിപിന്‍, ഡ്രൈവര്‍മാരായ ബിജു, വിജിന് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റും കാട്ടാക്കടയില്‍ നിന്ന് ഒരു യൂണിറ്റും എത്തി രണ്ടുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
കഴിഞ്ഞദിവസം ഒരു കല്യാണവീട്ടില്‍ നിന്നുള്ള മാലിന്യം ഇവിടെ കൊണ്ടുവന്ന് കത്തിച്ചിരുന്നു. അതില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് സംശയം.