നെയ്യാർ വലതുകര കനാലിലെ ബണ്ട് തകർന്നു
1545672
Saturday, April 26, 2025 6:44 AM IST
മാറനല്ലൂർ : നെയ്യാറിലെ വലതുകര കനാൽ കടന്നുപോകുന്ന കൂവളശേരിക്കു സമീപം ബണ്ട് തകർന്നു. രണ്ടുദിവസങ്ങൾക്കു മുമ്പാണ് മണ്ണിടിച്ചിലുണ്ടായത്. കനാലിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത് നവീകരിക്കാത്തതിനെത്തുടർന്ന് വെള്ളം തുറന്നുവിട്ടതിനുശേഷം ബണ്ടിൽ ചോർച്ചയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
കനാലിനു വശത്തെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.അടുത്തിടെ കനാൽ ബണ്ടിന്റെ വശങ്ങൾ അങ്ങിങ്ങ് മാത്രമാണ് നവീകരിച്ചത്. അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ പലയിടത്തും കോൺക്രീറ്റ് ചെയ്തിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ വിവരം നൽകിയതിനെ ത്തുടർന്ന് ജലസേചനവകുപ്പ് അധികൃതർ വന്ന് പരിശോധന നടത്തി. വേനൽ മഴ കനത്താൽ ശക്തമായ മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിനിടെ കഴിഞ്ഞ നാല് വർഷമായി തകർന്നു കിടക്കുന്ന മണ്ണടിക്കോണം കനാൽ നവീകരിക്കാനുള്ള നീക്കം നടക്കുന്നുമില്ല. ഇപ്പോൾ തന്നെ കാനൽ പൂർണമായും ഇടിഞ്ഞ് താണ അവസ്ഥയിലാണ്.