നാടുകാണി ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും രത്നവും കവർന്നു
1546288
Monday, April 28, 2025 6:36 AM IST
പ്രതികളിൽ ഒരാൾ പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു
കാട്ടാക്കട: കാട്ടാക്കട പോലീസ് സ്റ്റേഷൻ അതിർത്തിയിലെ പൂവച്ചൽ നാടുകാണി ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും വൈഡൂര്യക്കല്ലുകളും കവർന്നു. പ്രതി മറ്റൊരു മോ ഷണ ശ്രമത്തിനിടെ പിടിയിൽ.
മറ്റൊരു മോഷണ ശ്രമത്തിനിടെ മോഷ്ടാക്കളിൽ ഒരാളായ സോജൻ ആര്യൻകോട് പോലീസിന്റെ പിടിയിലായിരുന്നു. പ്രധാന മോഷ്ടാവ് പ്രിൻസിന്റെ സഹായിയാണു സോജൻ.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായും ഇതു മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിപ്പിച്ചതായും പോലീസിനു വിവരം ലഭിച്ചത്. ശാസ്താവിന്റെ 110 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹമാണ് കവർന്നത്.
ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് പ്രധാന ശ്രീകോവിലിന്റെ വാതിൽ പൊളിച്ച നിലയിൽ കണ്ടെത്തിയത്. ഉപദേവന്മാരായ മുരുകൻ, ഗണപതി എന്നിവരുടെ ശ്രീകോവിലിന്റെ വാതിലും പൊളിച്ചിട്ടുണ്ട്. മുരുകസ്വാമിയുടെ വിഗ്രഹം മറിച്ചിട്ട നിലയിലായിരുന്നു. ഇവിടെ വൈഡൂര്യം ഉണ്ടോ എന്നു പരിശോധിക്കുന്നതിനാണു വിഗ്രഹം മറിച്ചിട്ടതെന്നാണ് നിഗമനം. മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം പാറ ഇടുക്കിലൂടെ അര കിലോമീറ്ററിലധികം വലിച്ചിഴച്ചാണു കടത്തിയത്.
ഇവിടുത്തെ മോഷണത്തിനുശേഷം പ്രദേശത്തെ മറ്റൊരു ക്ഷേത്രത്തിൽ കാണിക്കവഞ്ചി മോഷ്ടിച്ചശേഷം മടങ്ങുന്നതിനിടെയാണ് സോജൻ പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ പ്രധാനപ്രതിയായ പ്രിൻസ് സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രിൻസിനായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ട്. മോഷണ ഉരുപ്പടികൾ ഉരുക്കാനായി പ്രിൻസിന്റെ വീട്ടിൽ സജീകരിച്ചിട്ടുള്ള ആല പോലീസ് കണ്ടെത്തി. ഇവിടെ ഉണ്ടായിരുന്ന വസ്തുക്കൾ പോലീസ് കണ്ടെടുത്തു. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.