അഞ്ചാമത് കൊച്ചെടത്വാ തിരുനാളിന് ഇന്നു കൊടിയേറും
1545933
Sunday, April 27, 2025 6:33 AM IST
വിഴിഞ്ഞം: പുതിയതുറ (കൊച്ചെടത്വ) വിശുദ്ധ സെന്റ് നിക്കോളാസ് ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ വജ്രജൂബിലി തിരുനാളിന് ഇന്നു കൊടിയേറും. വിവിധ പരിപാടികളോടെ മേയ് നാലിനു സമാപിക്കും.
ഇന്നു വൈകുന്നേരം 5.30ന് പുതിയതുറ കുരിശടിയിൽ ജപമാല. തുടർന്ന് അശ്വാരൂഢരുടെ അകമ്പടിയോടുകൂടി പതാകാപ്രദക്ഷിണം പള്ളിയിൽ എത്തിചേരും. ഇതിനുശേഷം ഇടവക വികാരി ഫ. ഗ്ലാഡിൻ അലക്സിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. തിരുനാൾ ദിനങ്ങളിൽ സുരക്ഷ ഒരുക്കി പോലീസ്, ഫയർ ഫോഴ്സ്, എക്സൈസ് വകുപ്പുകളുടെ യൂണിറ്റുകൾ മുഴുവൻ സമയവും പ്രവർത്തിക്കും.
ആരോഗ്യ വകുപ്പിനു കീഴിൽ ആംബുലൻസ് സൗകര്യവും പ്രാഥമിക ചികിത്സാസൗകര്യവും ഒരുക്കിയിട്ടുണ്ട്. വാട്ടർ അഥോറിറ്റി താൽക്കാലികമായി കുടിവെള്ള പൈപ്പുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിരുനാൾ ദിനങ്ങളിൽ കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും. തീർഥാടകരുടെ സഹയത്തിനായി സേവാസംഘം ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു.
തിരുനാൾ ദിനങ്ങളിൽ രാത്രി തിരുക്കർമങ്ങൾക്കുശേഷം വിവിധ തരം കലാ സംഗീത പരിപാടികൾ ഉണ്ടാകുമെന്നും ഉത്സവ കമ്മിറ്റി കൺവീനർ പുഷ്പം വിൻസന്റ്, മീഡിയ കൺവീനർ നിജു മൈക്കിൾ എന്നിവർ അറിയിച്ചു.
യുഎഇയിലുള്ള പുതിയതുറ നിവാസികളുടെ സംഘടനയുടെ നേതൃത്വത്തിൽ ഷാർജ സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ ഇന്നേ ദിവസവും യുകെയിലെ പുതിയതുറ നിവാസികൾ ലണ്ടൻ ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിൾസ് ആർസി ദൈവാലയത്തിൽ മേയ് മൂന്നിനും മധ്യസ്ഥ ന്റെ തിരുനാളാഘോഷിക്കും.