‘പുലിയാണ് ’വിഴിഞ്ഞം തുറമുഖത്തിലെ പുലിമുട്ട്
1546287
Monday, April 28, 2025 6:36 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ യഥാർഥ പുലിയാണ് സുരക്ഷ വേലിയായ പുലിമുട്ട്. പ്രകൃതി പ്രതിഭാസമായ അറബിക്കടലിന്റെ തിരമാലകളെ മൂന്നു കിലോമീറ്ററോളം തോൽപ്പിച്ച് കേരളത്തിന്റെ വികസന സ്വപ്നത്തിനു സുരക്ഷയൊരുക്കലാണ് ജോലി. ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാൻ പറ്റാത്ത തരത്തിലുള്ള വിശാലമായ ബ്രേക്ക് വാട്ടർ ഒരുക്കി ചരക്കുമായെത്തുന്ന കൂറ്റൻ കണ്ടെയ്നർ കപ്പലുകൾക്ക് വാർഫിൽ അടുക്കാൻ അവസരമൊരുക്കാനുള്ള ചുമതലും പുലിമുട്ടിനുണ്ട്.
തീരത്തുനിന്നു കടലിന്റെ ഉള്ളിലേക്ക് മൂന്നു കിലോമീറ്ററോളം നീളത്തിൽ നിർമിച്ച പുലിമുട്ടിൻന്റെ മുകൾപ്പരപ്പിനു പത്ത് മീറ്റർ വീതിയുണ്ട്. ഇരുപത് മുതൽ ഇരുപത്തിരണ്ടു മീറ്റർ വരെ ആഴമുള്ള ഉൾക്കടലിലെ തിരച്ചുഴിയെ തള്ളി നീക്കി ഒരു സ്തൂപത്തിന്റെ മാതൃകയിലാണ് കല്ലിട്ടു കെട്ടിപ്പൊക്കിയത്. മുകൾപ്പരപ്പ് കോൺക്രീറ്റു പാകി കണ്ടെയ്നറുകൾക്ക് കടന്നു പോകാൻ പാകത്തിൽ വിശാലമായ റോഡും യാഥാർഥ്യമാക്കി.
കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ക്വാറികളിൽനിന്നു കരയിലൂടെയും കടൽ വഴിയും കൊണ്ടു വന്ന 62 ലക്ഷം ടൺ പാറ വേണ്ടി വന്നു പുലിമുട്ടിന്റെ ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കാൻ. തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലും കേരളത്തിൽ തിരുവന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളതുമായ വിവിധ ക്വാറികൾ വിഴിഞ്ഞം തുറമുഖത്തിനായി പൊട്ടിക്കേണ്ടിവന്നു.
തിരുനെൽവേലിയിലും കന്യാകുമാരിയിൽ നിന്നുമായി ടിപ്പർ ലോറികളിൽ കര മാർഗ്ഗം കൂറ്റൻ പാറക്കല്ലുകൾ എത്തിയപ്പോൾ കൊല്ലത്തുനിന്നു മുതലപ്പൊഴിയിൽ എത്തിച്ച പാറകൾ ബാർജുകളിൽ കടൽ മാർഗം വിഴിഞ്ഞത്തു കൊണ്ടുവന്നു നിക്ഷേപിച്ചു. പൂർണമായി കേരള സർക്കാരിന്റെ ഖജനാവിൽ നിന്നുള്ള 1500 കോടി ചിലവിൽ ആറുവർഷം കൊണ്ടാണ് ഈ തുറമുഖസുരക്ഷാ കവചം സഫലമാക്കിയത്.
കരിങ്കല്ലുകൊണ്ടുള്ള നീളമേറിയ റോസിനെ സംരക്ഷിക്കാൻ മൂന്നു കാലിൽ സിമെന്റ് കോൺക്രീറ്റിൽ നിർമിച്ച കൂറ്റൻ ടഡ്രോ പാടുകൾ കൂടി നിരത്തി തിരമാലകളെ പൂർണമായി പരാജയപ്പെടുത്തി, ഏതു കാലാവസ്ഥയിലും അലറിയടിച്ച് വരുന്ന തിരമാലകളെ വിഴിഞ്ഞം തുറമുഖത്തേക്കു കടക്കാതെ സംരക്ഷിക്കുന്നതും ഈപുലിമുട്ട് തന്നെയാണ്.
പുലിമുട്ടിന്റെ സംരക്ഷണത്തിൽ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ബ്രേക്ക് വാട്ടറിനുള്ളിൽ ഏത് സമയത്തും ഏതു തരം കപ്പലുകൾക്കും പ്രവേശിക്കാമെന്നതും ഏറെ പ്രത്യേകതാണ്.
ആധുനിക സാങ്കേതികവിദ്യയിൽ നിർമിച്ചകൂറ്റൻ പുലിമുട്ടിന്റെ കരുത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നു പത്തു മാസത്തിനുള്ളിൽ 277 ചരക്ക് കപ്പലുകൾ വിഴിഞ്ഞം തുറമുഖത്തടുന്നു. അ ഞ്ചു ലക്ഷത്തി എൺപത്തിയെ ണ്ണായിരം കണ്ടെയ്നറുകളും കൈകാര്യം ചെയ്ത തുറമുഖം ലോക രാജ്യങ്ങൾക്കു മുന്നിൽ കരുത്തു തെളിയിച്ചു.