തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി
1546289
Monday, April 28, 2025 6:36 AM IST
വലിയതുറ: തിരുവനന്തപുരം ജില്ലാ കോടതിക്കും കലക്ടറേറ്റിനും ഹോട്ടലുകള്‍ക്കും ബോംബു ഭീഷണി ഉണ്ടായതിനു പിന്നാലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും ബോംബ് ഭീഷണിയുണ്ടായി.
ഇന്നലെ രാവിലെ 9.30 ഓടുകൂടി എയര്‍പോര്‍ട്ട് മാനേജരുടെ ഇ-മെയിലിലേയ്ക്കാണു ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയതായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. ബോംബ് ഭീഷണി എത്തിയതോടെ വിമാനത്താവള അധികൃതര്‍ വിവരം വലിയതുറ പോലീസിനേയും ബോംബ് സ്ക്വാഡ്, ഫയര്‍ഫോഴ്സ് എന്നിവരെ അറിയിക്കുകയായിരുന്നു. അവര്‍ എത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതോടെ ഭീഷണി വ്യാജമാണെന്ന അനുമാനത്തിലെത്തുകയായിരുന്നു അധികൃതര്‍. ബോംബ് സ്ക്വാഡും പോലീസും സി.ഐഎസ്എഫും സംയുക്തമായിട്ടാണു പരിശോധന നടത്തിയത്. ഇ-മെയില്‍ വിലാസമുണ്ടാക്കിയതു ഡാര്‍ക്ക് വെബില്നിന്നാണെന്നാണ് സൂചന. ആയതിനാല്‍ തന്നെ ഭീഷണിയുടെ ഉറവിടം കണ്ടുപിടിക്കാന്‍ പോലീസ് ഇരുട്ടില്‍ തപ്പേണ്ടിവരും എന്നാണു വിദഗ്ധാഭിപ്രായം.
ബോംബു ഭീഷണി സന്ദേശം എത്തിയ ഉടന്‍ തന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ട് ബോംബ് ത്രറ്റ് അസസ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടിനുള്ളില്‍ വേണ്ടവിധത്തിലുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.
കമ്മിറ്റിയുടെ നേതൃത്വത്തില്‍ തന്നെ സുരക്ഷയ്ക്കായുളള വിവിധ സെക്യൂരിറ്റി ഏജന്‍സികളെ ഏകോപിക്കുകയായിരുന്നു. അതിനാല്‍ വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ക്കോ വിമാനത്താവളത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരുവിധത്തിലുമുള്ളതടസമോ പ്രയാസമോ നേരിടേണ്ടി വന്നില്ല.