കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിലെ മാതാവിന്റെ പ്രതിമ തകർത്ത പ്രതി പിടിയിൽ
1545936
Sunday, April 27, 2025 6:33 AM IST
പോത്തൻകോട്: കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിലെ മാതാവിന്റെ പ്രതിമ തകർത്ത പ്രതി പിടിയിൽ. വെള്ളിയാഴ്ച രാത്രി 11.40ന് ഫാത്തിമ മാതാ ചര്‍ച്ചിലെത്തി പ്രാര്‍ഥിച്ചശേഷമാണു പ്രതി ആക്രമം നടത്തിയത്.
തുമ്പ കിൻഫ്ര പ്രിൻസി വില്ലയിൽ മാർട്ടിൻ തങ്കച്ചനെ (61) യാണ് തുമ്പ പോലീസ് പിടികൂടിയത്. മാനസിക പ്രശ്നങ്ങൾ നേരിടുന്നയാളാണു തങ്കച്ചനെ ന്നു പോലീസ് അറിയിച്ചു. പള്ളി മുറ്റത്ത് കുരിശടിയോടു ചേര്‍ന്നു സ്ഥാപിച്ചിരുന്ന മാതാവിന്റെ പ്രതിമയാണു തകര്‍ത്തത്. രാവിലെ നടക്കാനിറങ്ങിയ പള്ളിവികാരി ഫാ. ലാസർ ബെനഡിക്റ്റാണു പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്. തുടർന്നു കഴക്കൂട്ടം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കഴക്കൂട്ടം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ സമീപത്തെ സിസിടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാർട്ടിൻ തങ്കച്ചനാണു പ്രതിമ തകർത്തതെന്നു തിരിച്ചറിഞ്ഞത്. വിരളടയാള വിദഗ്ധരും പരിശോധന നടത്തി.
രാത്രിയോടെ ഓട്ടോറിക്ഷ ഡ്രൈവറായ മാർട്ടിൻ തങ്കച്ചൻ ബീച്ചിന്റെ ഭാഗത്തും പള്ളിയിലും ബഹളം ഉണ്ടാക്കിയതിനെ തുടർന്നു നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. തുമ്പ പോലീസെത്തി മാർട്ടിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ശനിയാഴ്ച ഉച്ചയോടെ കഴക്കൂട്ടം എസ് എച്ച്ഒ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം തുമ്പ സ്റ്റേഷനിലെത്തി മാർട്ടിൻ തങ്കച്ചനെ ചോദ്യം ചെയ്യുകയും ചെയ്തു.
മാനസിക പ്രശ്നമുള്ള ആളാണെന്നു മാർട്ടിനെന്നു ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മുൻപും പല ദേവാലയങ്ങളിലും സമാനമായ സംഭവങ്ങൾ നടത്തിയിട്ടുള്ളതായും പ്രതിമ തകർത്ത സംഭവത്തിലും തങ്കച്ചനെ പിടികൂടിയിട്ടുണ്ടെന്നു കഴക്കൂട്ടം പോലീസ് പറയുന്നു.