മാനവരാശിക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു മാർപാപ്പയുടേത്: സ്വാമി അഭയാനന്ദ
1546290
Monday, April 28, 2025 6:36 AM IST
കഴക്കൂട്ടം: മതത്തിനപ്പുറം മാനവരാശിക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെതെന്നു ചെമ്പഴന്തി ശ്രീനാരായണഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ.
ഇന്റർ റിലിജിയസ് ഫെലോഷിപ്പ് കഴക്കൂട്ടത്ത് സംഘടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യകുലത്തിന്റെ നന്മയ്ക്കും സമാധാനത്തിനും പ്രകൃതിയുടെ പരിപാലനത്തിനുവേണ്ടി നിലകൊണ്ട മഹാ ആചാര്യനെയാണ് ലോകത്തിനു നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു.
യുദ്ധത്തിന്റെ ഭീകരതയിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് വേണ്ടി തന്റെ അവസാന ഹൃദയത്തുടിപ്പിലും ശബ്ദിച്ച സമാധാനത്തിന്റെ വെള്ളരിപ്രാവിനെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിലൂടെ മാനവകുലത്തിന് നഷ്ടമായതെന്ന് ഇമാം അൽ ഹാബിസ് അർഷാദ് കാശ്മീ പറഞ്ഞു.
കാലത്തിനനുസരിച്ച് സഭയുടെ മുൻഗണനകൾ ധീരതയോടെ നവീകരിച്ച ശ്രേഷ്ഠ ഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് അധ്യക്ഷത വഹിച്ച കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക വികാരി ഫാ. ദീപക് ആന്റോ അഭിപ്രായപ്പെട്ടു.
ഡോ. ഉമ്മൻ വി. ഉമ്മൻ, ആർ. ശ്രീകുമാർ, അണിയൂർ പ്രസന്നകുമാർ, കഴക്കൂട്ടം അനിൽ, ജ്യോതിസ് ചന്ദ്രൻ, ജി. ജയചന്ദ്രൻ, ഡോ. യൂജിൻ ഗോമസ്, ജോൺ വിനേഷ്യസ്, എച്ച്.എസ്. ആദർശ്, ആന്റണി ആൽബർട്ട്, ബാലചന്ദ്രൻ നായർ, ഗ്രേഷ്യസ് പെരേര, ഭൂവനചന്ദ്രൻ നായർ, ജോർജ്ജ് കുലാസ്, ടൈറ്റസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.