ജെ.സി. ഡാനിയലിന്റെ വിയോഗത്തിന് 50 വയസ് : ജന്മനാട്ടില് സിനിമാ തീയേറ്റര്‍ വാഗ്ദാനത്തിലൊതുങ്ങി
1545932
Sunday, April 27, 2025 6:33 AM IST
നെയ്യാറ്റിന്‍കര: മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയലിന്റെ വിയോഗത്തിന് അരനൂറ്റാണ്ട് പിന്നിടുന്പോഴും തീയേറ്റര്‍ എന്നത് ഇപ്പോഴും കേവലം സ്വപ്നം. നെയ്യാറ്റിന്‍കര നിവാസികള്‍ക്കു സിനിമ കാണാന്‍ ഇപ്പോഴും ആശ്രയം കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള തീയേറ്ററുകള്‍ മാത്രം.
1975 ഏപ്രില്‍ 25 നാണ് ജെ.സി. ഡാനിയല്‍ ഈ ഭൗതികലോകത്തുനിന്നും എന്നെന്നേക്കുമായി വിട ചൊല്ലിയത്. അതിനു മുന്‍പു തന്നെ അദ്ദേഹം താനേറെ ഇഷ്ടപ്പെട്ടിരുന്ന ചലച്ചിത്ര രംഗത്തുനിന്നും വേര്‍പിരിഞ്ഞിരുന്നു. 1928 നവംബര്‍ ഏഴിനാണ് വിഗതകുമാരന് എന്ന മലയാളത്തിലെ തന്നെ ആദ്യ ചലച്ചിത്രം തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചത്. ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ച്ചേഴ്സ് എന്ന സ്റ്റുഡിയോ സ്ഥാപിച്ചതും ഡാനിയലാണ്.
സ്വന്തം പുരയിടം വിറ്റാണ് സിനിമാ നിര്‍മാണം സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുക സ്വരൂപിച്ചത്. നിശബ്ദചിത്രമായ വിഗതകുമാരന്റെ സംവിധാനത്തിനു പുറമേ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു.
ഏറെ പ്രതിസന്ധികള്‍ അതിജീവിച്ച് സിനിമയുടെ പ്രദര്‍ശനം നടന്നെങ്കിലും സവര്‍ണ സമൂഹത്തിന്റെ സദാചാരയിടപെടലുകളാല് വിഗതകുമാരന് വേദനിക്കുന്ന ഓര്‍മയായി. തീയേറ്ററിനു നേരെ ആക്രമണമുണ്ടായി. നായിക പി.കെ. റോസി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സാന്പത്തികമായി തകര്‍ന്ന ഡാനിയല്‍ കുറച്ചുവര്‍ഷം നെയ്യാറ്റിന്‍കരയില്‍ ദന്തഡോക്റായും സേവനം അനുഷ്ഠിച്ചു.
പുതിയ തലമുറയ്ക്ക് തന്നെ അറിയില്ലായെന്ന ആത്മവ്യഥയോടെ നെയ്യാറ്റിന്‍കരയുടെ സ്വന്തം സിനിമാക്കാരന് ഒടുവില്‍ സ്മരണകളിലൊതുങ്ങി. നെയ്യാറ്റിന്‍കര നഗരസഭ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയം കോന്പൗണ്ടില്‍ ജെ.സി. ഡാനിയല്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തൊട്ടടുത്തു തന്നെ അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന് നിര്‍മിച്ച പ്രതിമയ്ക്ക് നഗരസഭ സ്റ്റേഡിയത്തില്‍ ഇരിപ്പിടം നല്‍കുകയായിരുന്നു. നിരവധി തീയേറ്ററുകളുണ്ടായിരുന്ന നെയ്യാറ്റിന്‍കര താലൂക്കില്‍ നിലവില്‍ അവയെല്ലാം മുതിര്‍ന്ന തലമുറയുടെ സ്മൃതികളില്‍ മായാതെ അവശേഷിക്കുന്നു.
വര്‍ഷം തോറും ജെ.സി. ഡാനിയലിന്റെ ജനന- മരണ വാര്‍ഷിക ദിനങ്ങളില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് മാത്രം പതിവായി.