പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് ലുധിയാനയില്‍ പിടിയില്‍
1546297
Monday, April 28, 2025 6:46 AM IST
പേരൂര്‍ക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പഞ്ചാബിലെ ലുധിയാനയില്‍നിന്ന് ഫോര്‍ട്ട് പോ ലീസ് പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ദാവൂദ് (24) ആണ് പിടിയിലായത്. ബിഹാര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി.
മുഹമ്മദ് ദാവൂദ് ചാലയ്ക്കകത്ത് മത്സ്യക്കച്ചവടം നടത്തിവരുന്നയാളാണ്. ഒരുമാസത്തിനു മുമ്പ് ഇന്‍സ്റ്റാഗ്രാം വഴിയാണ് ദാവൂദ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. 23ന് രാവിലെയാണ് പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ഇയാള്‍ കടത്തിക്കൊണ്ടു പോയത്.
രക്ഷിതാക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ഫോര്‍ട്ട് സിഐ ശിവകുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. പെണ്‍കുട്ടിയെ ജാര്‍ഖണ്ഡ്, ഡല്‍ഹിവഴി പഞ്ചാബിലെ ലുധിയാനയിലെത്തിച്ചശേഷം അവിടെ ഒരു ഗ്രാമത്തില്‍ ഒളിവില്‍ക്കഴിഞ്ഞു വരികയായിരുന്നു. ഫോര്‍ട്ട് എസ്ഐ സുരേഷ്, എസ്സിപിഒമാരായ ലിപിന്‍ രാജ്, ശ്രീജിത്ത്, സിപിഒ പ്രവീണ്‍ എന്നിവരാണ് ലുധിയാനയില്‍ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ക്കെതിരേ പോക്സോ കേസാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.