തുന്പ, വെട്ടുകാട് കടൽത്തീരങ്ങളിൽ ലൈഫ് ഗാർഡുകളെ നിയമിക്കണം
1545939
Sunday, April 27, 2025 6:33 AM IST
തിരുവനന്തപുരം: ജില്ലയുടെ കടലോരത്തു വിനോദ സഞ്ചാരികൾ ധാരാളമെത്തുന്ന മേഖലകളിൽ അപകട സാധ്യത ഏറിയിട്ടും ലൈഫ് ഗാർഡുകളെ നിയമിക്കുന്നില്ലെന്നു പരാതി. വിനോദസഞ്ചാരികൾ ധാരാളമായി എത്തിച്ചേരുന്ന കടൽ തീരങ്ങളായ വെട്ടുകാട്, തുന്പ എന്നിവിടങ്ങളിൽ ഇപ്പോഴും ലൈഫ് ഗാർഡുകളെ നിയമിച്ചിട്ടില്ല.
ടൂറിസം മേഖലകളായി വളരുന്ന തുന്പയിലും വെട്ടുകാടും എത്തുന്ന സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ ലൈഫ് ഗാർഡുകളെ ആവശ്യത്തിനു നിയമിക്കാൻ സർക്കാർ ഇടപെടണമെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ് ആവശ്യപ്പെട്ടു. ടൂറിസ്റ്റുകൾ വരുന്ന മേഖലകളിൽ അപകടം ഒഴിവാക്കാൻ ലൈഫ് ഗാർഡുകൾ അനിവാര്യമാണ്.
അപകടത്തിൽപ്പെടുപ്പോൾ യഥാസമയം രക്ഷാപ്രവർത്തനവും ആവശ്യമായ ചികിത്സാ സഹായം നൽകാനും കഴിയാത്ത സാഹചര്യമാണ് വെട്ടുകാട്, തുന്പ തീര മേഖലയിൽ നിലവിലുള്ളത്. ലൈഫ് ഗാർഡുകളുടെ അഭാവം തുടർന്നാൽ അപകടങ്ങൾക്കും ജീവനെടുക്കുന്നതിനും കാരണമാകുമെന്നും സ്റ്റെല്ലസ് പറഞ്ഞു.