രണ്ടര ടൺ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ
1545938
Sunday, April 27, 2025 6:33 AM IST
പോത്തൻകോട്: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം ഭാഗത്തു നടത്തിയ റെയ്ഡിൽ രണ്ടര ടൺ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. ആസാം സ്വദേശിയായ മുഹമ്മദ് മജാറുൾ (29), ഇയാളുടെ സഹായിയായ ഹാറൂൻ റഷീദ് എന്നിവരെയാണ് പിടികൂടിയത്.
ബംഗളൂരുവിൽനിന്നും വൻ തോതിൽ കടത്തിക്കൊണ്ടുവരുന്ന ലഹരിവസ്തുക്കൾ സ്കൂൾ കുട്ടികൾക്കും മറ്റും വിൽക്കുന്ന മൊത്ത കച്ചവടക്കാരാണ് അറസ്റ്റിലായ ഇരുവരും. ശ്രീകാര്യം മടവിള ലൈനിൽ രാജേഷ് ഭവനിൽ രണ്ടുനില വീട് വാടകക്ക് എടുത്തു രഹസ്യമായി ടൺ കണക്കിനു നിരോധിത പുകയില ഉത്പന്നങ്ങൾ വീടിനുള്ളിലായി ഒളിച്ചുസൂക്ഷിച്ചിരിക്കുകയായിരുന്നു ഇവർ.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ചെറിയ പാൻ ഷോപ്പുകൾ നടത്തിയായിരുന്നു ആസാം സ്വദേശിയുടെ വൻ തോതിലുള്ള നിരോധിത പുകയില വിൽപന. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ലോറൻസ് (ഗ്രേഡ്), സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ എക്സൈസ് ഡ്രൈവർ ആന്റോ എന്നിവർ പങ്കെടുത്തു.