തെക്കന്‍ കുരിശുമലയിൽ കുട്ടികളുടെ സംഗമം "ലിറ്റില്‍ ഫ്ളവര്‍ 2025'
1538573
Tuesday, April 1, 2025 5:49 AM IST
വെള്ളറട. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 68-ാ മത് തീര്‍ഥാടനത്തിന്റെ രണ്ടാം ദിനം കുട്ടികളുടെ സംഗമം "ലിറ്റില്‍ ഫ്ളവര്‍ 2025' നടന്നു.
വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. യേശുക്രിസ്തു എന്റെ തീര്‍ഥാടന ലക്ഷ്യം എന്നതായിരുന്നു വിഷയം. ഫാ. ജേക്കബ് കുര്യന്, ഫാ. ഫ്രാങ്ക്ളിന് വിക്ടര്‍, ഫാ. ആന്റണി ആരോത, ഫാ. ഡി.പി. അരുണ്‍ രാജ്, ജോഫ്രിജോണ്സണ്, ജയന്തി കുരിശുമല തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു. വൈകുന്നേരം 4.30ന് സംഗമവേദിയില്‍ നടന്ന ആഘോഷമായ ദിവ്യബലിക്കു മോൺ. ജി ക്രിസ്തുദാസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. റവ. ഡോ. ഗ്രിഗറി ആര്‍ബി വചനപ്രഘോഷണം നടത്തി. നെറുകയിലേയ്ക്ക് മുള്ളിലവുവിള ഇടവക ഇരുപത്തി അഞ്ച് അടി നീളമുള്ള വലിയ മരക്കുരിശ് ചുമന്നു മല കയറി. ഇടവക വികാരി ഫാ. ജിപിന്‍ദാസ് നേതൃത്വം നല്കി.
സംഗമവേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും നടന്ന വിവിധ ശുശ്രൂഷകള്‍ക്ക് ഫാ. ജസ്റ്റിന് ഫ്രാന്‍സിസ്, ഫാ.ജോസഫ് അനില്‍, റവ. ഡോ. അലോഷ്യസ് സത്യനേശന്, ഫാ. ഹെന്സിലിന് ഒസിഡി, ഫാ. രതീഷ് മാര്‍ക്കോസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
ഉച്ചയ്ക്ക് ഒന്നിനു ചുള്ളിമാന്നൂര്‍ തിരുഹൃദയ നാദവും, വൈകുന്നേം 6.30ന് ഉദിയന്‍കുളങ്ങര ഹോളിവോയ്സും രാത്രി 8.30നു തിരുവനന്തപുരം സര്‍ഗവീണ ക്രിയേഷന്‍സും ക്രിസ്തീയ സംഗീതാര്‍ച്ചനകള്‍ നടത്തി.
ജപമാല, കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ നവനാള്‍, ദിവ്യകാരുണ്യ ആരാധന, ആശീര്‍വാദം, കുമ്പസാരം, കരുണ കൊന്ത, ദിവ്യകാരുണ്യ ധ്യാനം, പ്രദക്ഷിണം എന്നിവയും നടന്നു. ആരാധനാ ചാപ്പലില്‍ ജാഗരണ പ്രാര്‍ഥനയും ഉണ്ടായിരുന്നു.