കാട്ടുതേനിന്റെ മധുരമുള്ള നാളുകൾ അന്യമാകുന്നു
1538560
Tuesday, April 1, 2025 5:49 AM IST
കാട്ടാക്കട: കാട്ടുതേനിന്റെ മധുരമുള്ള നാളുകൾ അന്യമാകുന്നു. സൂര്യപ്രകാശം പോലും അരിച്ചരിച്ചിറങ്ങുന്ന കൊടുംവനത്തിലെ ഔഷധസമ്പന്നമായ തേൻ തേടി അലഞ്ഞ കാട്ടുമക്കൾക്ക് ഇക്കുറി ലഭിച്ച ത് നിരാശമാത്രം. നാട്ടിലെ തേൻ നാളുകൾക്കും ഇക്കുറി മോശം അവസ്ഥ തന്നെ.
മാർച്ച് മുതൽ സെപ്തംബർ വരെ നീളുന്നതാണു തേൻ കാലം. കാട്ടിലെ കാണിക്കാർക്ക് ഉത്സവകാലമാണിത്. കാണിക്കുടിലുകളിൽ നിന്നും കിലോമീറ്ററുകൾ താണ്ടി ഉൾവനത്തിൽ ദിവസങ്ങളോളം അലഞ്ഞാലേ തേൻകൂടുകൾ കണ്ടെത്താനാകൂ. ചെറുമരങ്ങൾ മുതൽ വൻ മരങ്ങൾവരെ കയറി തേൻ ശേഖരിച്ചു വരുന്നത് ചിലപ്പോൾ ഒരുമാസം വരെ കഴിഞ്ഞാകും.
അഗസ്ത്യമലയിലെ ഔഷധസമ്പന്നമായ അന്തരീക്ഷത്തിൽ അവിടുത്തെ പൂക്കളിൽ നിന്നും ഉണ്ടാകുന്ന തേൻ കൂടുകൾ തേടിയുള്ള യാത്ര തന്നെ അപകടം പിടിച്ചതാണ്. വന്യജീവികൾ, പ്രത്യേകിച്ചും കരടികളാണ് ഇവരുടെ പ്രധാന ശത്രുക്കൾ.
ഉയരമുള്ള മരങ്ങളിൽ പോലും അനായാസം കയറാൻ കഴിവുള്ള കരടികൾ തേൻ കുടിച്ച് മരത്തിൽ തന്നെ ഇരിക്കും. ഇതറിയാതെ മരത്തിൽ കയറുന്ന കാണിക്കാർ അവിടെ എത്തുമ്പോഴാണ് കരടി ഇരിക്കുന്ന കാര്യം അറിയാൻ സാധിക്കുക. പിന്നെ കരടിയുടെ ആക്രമണം തന്നെ. അങ്ങിനെ ഈ വനത്തിൽ നാലു പേരാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മരണപ്പെട്ടത്.
അപകടം മണക്കുന്ന വനത്തിൽ പോയി തേൻ ശേഖരിക്കുന്ന കാണിക്കാർ ഇക്കുറി അലഞ്ഞെങ്കിലും കാര്യമായ ശേഖരണം നടന്നില്ല. പലർക്കും കിട്ടിയത് ഒന്നോ രണ്ടോ കുപ്പി. ചിലർക്ക് അത് പോലും കിട്ടിയില്ല. മുൻ നാളുകളിൽ ഒരോരുത്തർക്കും 20 കിലോയിൽ അധികം കിട്ടിയിരുന്ന തേനാണ് ഇക്കുറി അതിന്റെ കാൽ ഭാഗം കൂടി കിട്ടാതെയായത്.
കാട്ടിലെ മാറിയ സാഹചര്യങ്ങളാണ് ഈ കെടുതിയ്ക്ക് പിന്നിലെന്ന് കാണിക്കാർ പറയുന്നു. തേൻ കൂടുകെട്ടുന്ന വൃക്ഷങ്ങൾ മൊട്ടയായി നിൽക്കുന്നു. മാത്രമല്ല കടുത്ത ചൂടും കാലം തെറ്റിയുള്ള മഴയും തേൻ ഉൽപ്പാദനത്തിനു ശാപമായി മാറി. വനത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി മുൻപ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വനം വകുപ്പ് ആ പരിപാടി നിർത്തി.
കാട്ടിൽ പൂക്കൾ വിരിയുന്ന മരങ്ങൾ ഇല്ലാതായി വന്നതും ഒരു കാരണമാണ്. അതോടെ കാട്ടിൽ നിന്നും തേൻ വന്നിരുന്ന സുവർണകാലം ഇപ്പോൾ അവസാനിച്ച മട്ടായി. 750 എം.എൽ വരുന്ന ഒരു കുപ്പിക്ക് 800 വരെ കിട്ടിയിരുന്നതാണ്. ചിലപ്പോൾ അത് കൂടിയും വരും. കാണിക്കാരുടെ പ്രധാന വരുമാന മാർഗവും ഇപ്പോൾ അടഞ്ഞ മട്ടായി. കാട്ടിൽനിന്നും കിട്ടുന്നത് തൂക്കുതേനും ചെറുതേനുമാണ്. അതിനാണ് ഏറെ ആവശ്യക്കാരുള്ളത്. വിവിധ ആയുർവേദമരുന്ന് നിർമാതാക്കൾ കാട്ടുതേൻ തേടിയാണ് വരുന്നത്. ഇപ്പോൾ വന്നവർക്ക് ആവശ്യപ്പെട്ടതിന്റെ ഒരംശം പോലും കൊടുക്കാനുമായില്ല. കാണിക്കാർ തേൻ ശേഖരിച്ചു പുറത്തെ മാർക്കറ്റിലാണ് വിൽക്കുന്നത്. ഇങ്ങനെ മൊത്തം ശേഖരിക്കുന്ന സ്വകാര്യ വിൽപ്പനക്കാർ തേൻ പുറത്ത് വിൽക്കുന്നത് മായം കാട്ടിയാണ്. പകുതി തേനും പകുതി ശർക്കരയും.
നാട്ടിലെ തേനിനും ഇതേ അവസ്ഥയാണ്. നാട്ടിലെ കൃഷിയിടങ്ങളിൽ കൂടുകെട്ടി കാത്തിരുന്ന കർഷകർക്കും കിട്ടി അടി. തേൻ ഉൽപ്പാദനം കുറഞ്ഞു. നാട്ടിലെ മാറുന്ന കാലാവസ്ഥവ്യതിയാനത്തിന്റെ ഫലമാണ് കുറവിനു കാരണമെന്നും ചൂണ്ടികാട്ടപ്പെടുന്നു. തൂക്കു തേൻ, പൊത്തു തേൻ, ചെറുതേൻ, പെരുംതേൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന തേനിലാണ് കുറവ് വന്നിരിക്കുന്നത്. റബർ മരങ്ങളെ ആശ്രയിച്ച് കെട്ടിയ കൂടുകളിലും ഇക്കുറി വൻ കുറവാണ് വന്നിരിക്കുന്നത്. രോഗം ബാധിച്ച് തേനീച്ചകുഞ്ഞുങ്ങൾ ചത്തെടുങ്ങിയിരുന്നു.