ഉത്തമങ്ങളായ നാടകങ്ങൾ വർത്തമാനകാലത്ത് അനിവാര്യം: മന്ത്രി ജി.ആർ. അനിൽ
1538569
Tuesday, April 1, 2025 5:49 AM IST
തിരുവനന്തപുരം ; മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ് തുക്കൾ സാമൂഹ്യ വിപത്തായി മാറുകയും സമൂഹത്തിൽ നിലനിന്നിരുന്ന സ്നേഹവും സൗഹൃദവും തകരുന്ന രീതിയിലെ സംഭവങ്ങൾ നടക്കുകയും ചെയ്യുന്ന ഇക്കാലഘട്ടത്തിൽ നല്ല സന്ദേശങ്ങൾ നിറയുന്ന നാടകങ്ങൾ അനിവാര്യമാവുന്നു എന്ന് മന്ത്രി ജി. ആർ. അനിൽ.
കേരള സർവകലാശാല സംഘടിപ്പിച്ച അഞ്ചുദിവസം നീണ്ടു നിന്ന രണ്ടാമതു ഭരത് മുരളി നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വലിയൊരു വിഭാഗം മലയാളികളുടെ മനസിനെ സ്വാധീനിക്കുവാൻ പഴയകാല നാടകങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ സാമൂഹ്യ പരിവർത്തനത്തിനു വഴിതെളിക്കുന്ന നാടകങ്ങൾ ഇനിയും അരങ്ങേറണം. കേരള സർവകലാശാല നാടകോത്സവങ്ങൾക്കും കേരളത്തിന്റെ നാടകപ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുവാൻ സാധിക്കും എന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേരള സർവകലാശാല വൈസ്ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പ്രഫ. അലിയാർ മുരളി സ്മൃതി അവതരിപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി.എം. രാധാമണി, ഡോ. കെ. ജി. ഗോപ്ചന്ദ്രൻ, പി. എസ്. ഗോപകുമാർ എന്നിവർ ആശംസ നേർന്നു പ്രസംഗിച്ചു. ഭരത് മുരളി നാടകോത്സവം ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. ജി. മുരളീധരൻ സ്വാഗതം ആശംസിച്ചു.
നാടകോത്സവം ഇംപ്ലിമെന്റിംഗ് ഓഫീസർ ഡോ. സി. ആർ. പ്രസാദ് നന്ദി പറഞ്ഞു. തുടർന്ന് ജോബ് മഠത്തിൽ സംവിധാനം ചെയ്ത മാടൻമോക്ഷം എന്ന നാടകം അരങ്ങേറി. ആലപ്പുഴയിലെ മരുതം തീയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച നാടകം കാണുവാൻ വലിയൊരു സംഘം നാടകാസ്വാദകർ എത്തിച്ചേർന്നിരുന്നു.