ഒറ്റശേഖരമംഗലം പഞ്ചായത്തിൽ 110 കെവി സബ്സ്റ്റേഷൻ
1538563
Tuesday, April 1, 2025 5:49 AM IST
കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ ഒറ്റശേഖരമംഗലം പഞ്ചായത്തിൽ 110 കെവി സബ്സ്റ്റേഷൻ ആരംഭിക്കാൻ നീക്കം. ഇതു സംബന്ധിച്ച് ഉടൻ തീരുമാനമാകും.
നിയമസഭയിൽ സി.കെ. ഹരീന്ദ്രൻ എംഎൽഎ സബ്സ്റ്റേഷൻ വേണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനുള്ള മറുപടിയിലാണ് തീരുമാനം മന്ത്രി അറിയിച്ചത്. മലയോര മേഖല ഉൾപ്പെടുന്ന ഇവിടെ വോൾട്ടേജ് ക്ഷാമം അതിരൂക്ഷമാണ്. സർക്കാർ, അർധ സർക്കാർ മേഖലയിൽ നിരവധി സ്ഥാപനങ്ങളും ആശുപത്രികൾ, കോളജുകൾ, വാണിജ്യ വ്യവസായകേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്. കൂടാതെ കിഴക്കൻമല, കാളിപ്പാറ, കുന്നത്തുകാൽ ഉൾപ്പെടെയുള്ള ബൃഹത്ത് കുടിവെള്ള പദ്ധതികളുമുണ്ട്. വോൾട്ടേജ് ക്ഷാമം കാരണം ഈ കേന്ദ്രങ്ങളുടെ പ്രവർത്തനവും പലപ്പോഴും ബുദ്ധിമുട്ടിലാണ്.
ഇക്കാരണത്താൽ പലപ്പോഴും കുടിവെള്ള വിതരണവും തടസപ്പെടുന്നുണ്ട്. നിലവിലെ വൈദ്യുതിക്ഷാമം തുടരുകയാണെങ്കിൽ വൈദ്യുതി വിതരണം പ്രതികൂല ഫലമുണ്ടാക്കുകയും നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും.
ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി, കുന്നത്തുകാൽ, ആര്യങ്കോട്, പെരുങ്കടവിള, പാലിയോട്, മാരായമുട്ടം, മാറനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം സുഗമമാക്കണമെങ്കിൽ ഒറ്റശേഖരമംഗലം കേന്ദ്രീകരിച്ച് 110 കെവി സബ്സ്റ്റേഷൻ നിർമിക്കേണ്ടത് അത്യാവശ്യമാണ്. വോൾട്ടേജ് ക്ഷാമം തുടരുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് 110 കെവി സബ്സ്റ്റേഷന്റെ ആവശ്യം ശക്തമായത്.