വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: കാർഷിക മേഖലയ്ക്കും ആരോഗ്യ പരിപാലനത്തിനും മുൻതൂക്കം
1538554
Tuesday, April 1, 2025 5:49 AM IST
നെടുമങ്ങാട്: കാർഷിക-ആരോഗ്യ മേഖലകൾക്ക് മുൻതൂക്കം നൽകി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 2,27,91,87,579 രൂപ വരവും 2,27,46,96,647 രൂപ ചെലവും 47,90,932 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരിയാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് എസ്.ഇന്ദുലേഖ അധ്യക്ഷയായി. കാർഷിക മേഖലയ്ക്ക് 8.23 ലക്ഷം രൂപയും ശുദ്ധജല സ്രോതസുകളുടെ നവീകരണത്തിനായി 64.30 ലക്ഷം രൂപയും ശുചിമുറികളുടെ നിർമാണത്തിനായി 64.30 രൂപയും ബജറ്റിൽ നീക്കിവച്ചു.
പകൽ വീടിന്റെയും വൃദ്ധസദനത്തിന്റെയും നടത്തിപ്പിനായി 28 ലക്ഷം രൂപയും ആശുപത്രികളുടെ വികസനത്തിനായി 41 ലക്ഷം രൂപയും മരുന്ന് ലഭ്യമാക്കുന്നതിന് 37 ലക്ഷം രൂപയും ആരോഗ്യ രംഗത്തെ മറ്റ് പദ്ധതികൾക്കായി 81.35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
റോഡു വികസനത്തിന് 78 ലക്ഷം രൂപയും വിവിധ മന്ദിരങ്ങളുടെ നവീകരണത്തിനായി 45 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗക്കാരുടെ പദ്ധതികൾക്ക് 60 ലക്ഷം രൂപയും പശ്ചാത്തല സൗകര്യ വികസനത്തിന് 45 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.