അങ്കണവാടിക്കു ഭൂമിനല്‍കി ദന്പതികള്‍ മാതൃകയാകുന്നു
1538566
Tuesday, April 1, 2025 5:49 AM IST
നെയ്യാറ്റിന്‍കര: മക്കള്‍ പഠിച്ച അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിര്‍മിക്കാനായി മൂന്നര സെന്റ് വസ്തു സംഭാവന നല്കിയ ബിനു- ശ്രീജ ദന്പതികള്‍ മാതൃകയാകുന്നു.
നെയ്യാറ്റിന്‍കര നഗരസഭയിലെ വടകോട് വാര്‍ഡിലെ വാറുവിള കിഴക്കേകര പുത്തന്‍വീട്ടില്‍ ബിനുവും ഭാര്യ ശ്രീജയും സ്വന്തം ഇഷ്ടപ്രകാരമാണ് ചെമ്മണ്ണുവിള അങ്കണവാടിക്കായി വസ്തു എഴുതി നല്‍കിയത്. പ്രമാണം കഴിഞ്ഞ ദിവസം നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്റെ സാന്നിധ്യത്തില്‍ സെക്രട്ടറി ബി. സാനന്ദസിംഗിന് കൈമാറി. പിതാവ് കൃഷ്ണന്റെ ഓര്മ യ്ക്കുവേണ്ടി കൂടിയാണ് സ്ഥലം ദാനം നല്കുന്നതെന്നു ബിനുവും ശ്രീജയും പറഞ്ഞു.
പിതാവില്‍നിന്നും ലഭിച്ച മുപ്പതു സെന്റില്‍ രണ്ടര സെന്റ് നേരത്തെ റോഡ് നിര്‍മാണത്തിനു ബിനു വിട്ടുകൊടുത്തിരുന്നു. റോഡ് യാഥാര്‍ഥ്യമായതോടെ തെരുവു വിളക്കും കുടിവെള്ള സംവിധാനവും അവിടെ വരുത്താനായെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വടകോട് അജി ദീപികയോട് വ്യക്തമാക്കി.
ചെമ്മണ്ണുവിള അങ്കണവാടിക്കു സ്വന്തം കെട്ടിടമില്ലാത്ത സാഹചര്യത്തിനു പരിഹാരം കാണണമെന്ന നാട്ടുകാരോട് അജി തന്നെയാണ് ആവശ്യപ്പെട്ടത്. ബിനുവിന്റെയും ശ്രീജയുടെയും മക്കളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ അഭിജിത്തും അഭിരാമിയും ഈ അങ്കണവാടിയില്‍ കുഞ്ഞുന്നാളില്‍ പഠിച്ചിരുന്നു. ബിനുവും ശ്രീജയും ചേര്‍ന്നു നടത്തുന്ന കീളിയോട്ടെ ചായക്കടയിലെ വരുമാനമാണ് ഈ കുടുംബത്തിന്റെ സാന്പത്തികാശ്രയം. അന്നന്നത്തെ അന്നത്തിനായി എന്നും പെടാപ്പാടു പെടുന്ന ഈ ദന്പതികളുടെ ഹൃദയവിശാലത പൊതുസമൂഹമൊന്നാകെ ഉള്‍ക്കൊള്ളണമെന്നും അജി കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ചെയര്‍മാനായ അങ്കണ്‍വാടി ക്ഷേമ സമിതിയാണ് വസ്തുവിന്റെ പ്രമാണചെലവു വഹിച്ചത്.
ഈ സാന്പത്തിക വര്‍ഷം തന്നെ ചെമ്മണ്ണുവിള അംഗന്‍വാടിയുടെ നിര്‍മാണം ആരംഭിക്കുമെന്നും അജി അറിയിച്ചു.
ഗിരീഷ് പരുത്തിമഠം