മാരായമുട്ടം സര്‍വീസ് സഹ. ബാങ്കിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണം അവസാനിച്ചു
1536941
Thursday, March 27, 2025 6:22 AM IST
വെള്ളറട: മാരായമുട്ടം സഹകരണ ബാങ്കിനും മുന്‍ പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിലിനുമെതിരായി വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിന്റെ കീഴില്‍ 2016-ല്‍ ആരംഭിച്ച അന്വേഷണം അവസാനിപ്പിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
2016-ല്‍ കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്മായിരുന്ന അമ്പത്തറ ഗോപകുമാര്‍ വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതി ക്രിമിനല്‍ കേസായി ഫയലില്‍ സ്വീകരിക്കുകയും കോടതി വിജിലന്‍സ് പോലീസ് തിരുവനന്തപുരം യൂണിറ്റിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ കേസിന്റെ വാദിയായ അമ്പലത്തറ ഗോപകുമാര്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് പെറ്റീഷന് നല്കിയ സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ വിജിലന്‍സ് കോടതി വിജിലന്‍സ് പോലീസിന് നിര്‍ദേശം നല്കി.
തുടര്‍ന്നു വിശദമായ പരിശോധന നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ബാങ്കില്‍ ഒരുവിധ ക്രമക്കോടും നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസിന്റെ തുടര്‍ അന്വേഷണം കോടതി അവസാനിപ്പിച്ചത്.
പെരുങ്കടവിള പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം തവണകളായി നിശ്ചയിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനം നടപ്പിലാക്കാത്ത സാഹചര്യത്തില്‍ പെരുങ്കടവിള പഞ്ചായത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായ അമ്പലത്തറ ഗോപകുമാര്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിനെതിരായി കോടതിയില്‍ പരാതി നല്‍കിയത് ഇതിനെ തുടര്‍ന്നു സഹകരണ വകുപ്പ് ബാങ്ക് ഭരണ സമിതി പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
തുടര്‍ന്നു മുന്‍ ബാങ്ക് പ്രസിഡന്റ് എം.എസ്. അനിലും സഹകരണ വകുപ്പും തമ്മില്‍ ഹൈക്കോടതിയില്‍ 40 ല്‍ അധികം കേസുകള്‍ ഉണ്ടായിരുന്നു. ഈ കേസുകളില്‍ അനുകൂല വിധി സമ്പാദിച്ചതിനെ തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശ പ്രകാരം നടന്ന തെരെഞ്ഞടുപ്പില്‍ മത്സരിച്ച എം.എസ്. അനിലിനെ അയോഗ്യനായി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്ന എം.എസ്. അനില്‍ ഉള്‍പ്പെടെയുള്ള മുന്‍ ഭരണ സമിതി അംഗങ്ങളുടെ നാമനിര്‍ദേശപത്രിക വരണാധികാരി തള്ളി. തുടര്‍ന്നു നടന്ന തെരെഞ്ഞുപ്പില് എം.എസ്. അനിലിന്റെ മകള്‍ എം.എസ്. പാര്‍വതി നേതൃത്വം നല്കിയ പാനല്‍ വിജയിച്ചു.
നിലവില്‍ ബാങ്കിന്റെ പ്രസിഡന്റ് എം.എസ്. പാര്‍വതിയാണ്. മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി അമ്പലത്തറ ഗോപകുറിന്റെ അനുജന് അജികുമാര്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ഫയല്‍ ചെയ്ത കേസിന് മേല്‍ കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തി വന്ന അന്വേഷണവും അവസാനിപ്പിച്ചു.
കേരളത്തിലെ സഹകരണ മേഖലയ്ക്ക് അഭിമാനമായിരുന്ന മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ അമ്പലത്തറ ഗോപകുമാറും അനുജന് അജികുമാറും സിപിഎമ്മുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണു വിജിലന്‍സ് കോടതി വിധിയോടെ തകര്‍ന്നത് എന്ന് മുന്‍ ബാങ്ക് പ്രസിഡന്റ് എം.എസ്. അനില്‍ പറഞ്ഞു.