തിരുവല്ലം സര്‍വീസ് റോഡില്‍നിന്നും ബൈക്കുമായി യുവാവ് ആറ്റിൽ വീണു
1497106
Tuesday, January 21, 2025 6:31 AM IST
തിരുവല്ലം: തിരുവല്ലം സര്‍വീസ് റോഡില്‍നിന്നും ബൈക്കുമായി തിരുവല്ലം ആറ്റിലേക്ക് (കരമനയാര്‍) വീണ യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തുമ്പ സ്റ്റേഷന് കടവ് സ്വദേശി സന്തോഷ്കുമാറിന്റെ മകന് ആകാശ് (21) ആണ് ബൈക്കുമായി ആറ്റിലേക്കു വീണത്.
ഇന്നലെ രാത്രി 7.40 ഓടെ ആയിരുന്നു അപകടം. ആകാശ് ആറ്റിലേക്കുവീണ ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ആറ്റിലേക്കു ചാടി ഇയാളെ ഏറെ പണിപ്പെട്ടു രക്ഷപ്പെടുത്തുകയായിരുന്നു. ആകാശിനു മറ്റു കുഴപ്പങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല.
യുവാവിനൊപ്പം ആറ്റില്‍വീണ ബൈക്ക് വിഴിഞ്ഞത്തുനിന്നും ഫയര്‍ഫോഴ്സ് അധികൃതരെത്തി കരയ്ക്കെടുക്കുകയായിരുന്നു.
കോവളം ഭാഗത്തുനിന്നും തിരുവല്ലം-ചാക്ക ബൈപാസ് റോഡുവഴി പോകേണ്ട യുവാവ് റോഡു മാറി തിരുവല്ലം ജംഗ്ഷനില്‍ നിന്നും ആറിനു സമീപത്തുള്ള സര്‍വീസ് റോഡിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു.
തിരുവല്ലം പാലത്തിന് അടി ഭാഗത്തായി സര്‍വീസ് റോഡ് അവസാനിക്കുന്ന കാര്യം യുവാവിന് അറിയില്ലായിരുന്നു. റോഡ് അവസാനിക്കുന്ന ഭാഗത്തുവച്ചു കരിങ്കല്‍ ഭിത്തിയില്‍ ഇടിച്ചശേഷം ബൈക്കിനൊപ്പം യുവാവ് ആറ്റിലേക്കു വീഴുകയാണുണ്ടായത്. എന്നാല്‍ യുവാവ് മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നു തിരുവല്ലം പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയശേഷം മെഡിക്കല്‍ പരി ശോധനകൾ എടുക്കുന്നതിലേയ്ക്കായി രാത്രി വൈകി പൂന്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി.
വിഴിഞ്ഞം ഫയര്‍ സ്റ്റേഷനില്‍ നിന്നും എഎസ്ടിഒ അലി അക്ബറിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ജിനേഷ്, സന്തോഷ്കുമാര്‍, സനല്‍, പ്രദീപ്, ഹോംഗാര്‍ഡുമാരായ സെല്‍വകുമാര്‍, സജി എന്നിവരുല്പ്പെട്ട സംഘമാണ് നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയതും ആറ്റില്‍ നിന്നും ബൈക്ക് കരക്കെടുത്തതും.