സൗഹൃദ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
1496879
Monday, January 20, 2025 6:48 AM IST
തിരുവനന്തപുരം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗഹൃദ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കോവളം ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹബ്ബില്‍ സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്, അഡ്വക്കേറ്റ്സ് അസോസിയേഷന്, പ്രസ്ക്ലബ്, വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് അസോസിയേഷന്, റോട്ടറി ഡിസ്ട്രിക്ട് 3211, ബിസിനസ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍, പോലീസ് അസോസിയേഷന് എന്നീ ടീമുകള്‍ പങ്കെടുത്തു. മത്സരത്തില്‍ ബിസിനസ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ വിജയിച്ചു.
ഫെബ്രുവരി അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന കണ്‍വന്‍ഷന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്നു കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കമാലുദ്ദീന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
25ന് പുത്തന്‍തോപ്പ് സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പ്രമുഖ ടീമുകള്‍ പങ്കെടുക്കും.
സംസ്ഥാന കണ്‍വന്‍ഷനോടനുബന്ധിച്ച് 30ന് പാളയം അയ്യങ്കാളി ഹാളില്‍ സംഘടിപ്പിക്കുന്ന മാധ്യമ സെമിനാറില്‍ മാധ്യമ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പത്രസമ്മേളനത്തില്‍ അസോസിയേഷന് ഭാരവാഹികളായ ജയകുമാര്‍, സുധീഷ്, ബിജുകുമാര്‍, സന്തോഷ്, സഫര്‍ എന്നിവര്‍ പങ്കെടുത്തു.