ആഴിമല ശിവക്ഷേത്രത്തിൽ 79-ാമത് വാർഷിക മഹോത്സവവും ആറാട്ടും
1496883
Monday, January 20, 2025 6:48 AM IST
കോവളം: ആഴിമല ശിവക്ഷേത്രത്തിലെ 79-ാമത് വാർഷിക മഹോത്സവവും ആറാട്ടും 24 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കും. 24ന് രാവിലെ 10നും 10.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി സനൽ, മേൽശാന്തി ജ്യോതിഷ് , കീഴ്ശാന്തി അനീഷ് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും.
വൈകുന്നേരം ഏഴിനു നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. എം. വിൻസന്റ് എംഎൽഎ വിശിഷ്ടാതിഥിയാകും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രം ജനറൽ സെക്രട്ടറി എൻ. വിജയൻ സ്വാഗതം പറയും. ചടങ്ങിൽ ചികിത്സാ സഹായ വിതരണവും മന്ത്രി നിർവഹിക്കും.
25ന് വൈകുന്നേരം ആറിനു നടക്കുന്ന പരിപാടി സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എസ്. ഹരികുമാറും 26നു വൈകുന്നേരം ആറിനു നടക്കുന്ന പരിപാടി കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആഴിമല ഗംഗാധരേശ്വര പുരസ്കാരം കടകംപള്ളി സുരേന്ദ്രനു ക്ഷേത്രം പ്രസിഡന്റ് എസ്. രാജേന്ദ്രൻ സമ്മാനിക്കും.
31ന് വൈകുന്നേരം ഏഴിനു നടക്കുന്ന സമാപന സമ്മേളനം എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വിശിഷ്ടാതിഥിയാവും.
ഫെബ്രുവരി ഒന്നിനു രാവിലെ 11.15ന് നടക്കുന്ന സമൂഹ പൊങ്കാലയ്ക്ക് തിരുവിതാംകൂൾ രാജകുടുംബാഗം അവിട്ടം തിരുനാൾ ആദിത്യവർമയും കുമാരപുരം പ്രാൺ ഫെർട്ടിലിറ്റി ആൻഡ് വെൽ വുമൻ സെന്റർ എംഡി ഡോ. അനുപമയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.12.30ന് പൊങ്കാല നിവേദ്യം. വൈകുന്നേരം ആറിനു നടക്കുന്ന പരിപാടി വിഴിഞ്ഞം ഇന്റർനാഷണൽ എയർപോർട്ട് എംഡി ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും.
സമാപന ദിവസമായ രണ്ടി നു ഉച്ചയ്ക്ക് 2.15ന് തൃക്കൊടിയിറക്ക്. തുടർന്ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്. വൈകുന്നേരം 3.30ന് ആറാട്ട്, 6.05നു പറയ്ക്കെഴുന്നള്ളിപ്പ്, താലപ്പൊലി, ആറാട്ട് ഘോഷയാത്ര എന്നിവ നടക്കും.
ഉത്സവ ദിവസങ്ങളിൽ ഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശപൂജ, കലശാഭിഷേകം, അലങ്കാര ദീപാരാധന, പുഷ്പാഭിഷേകം, ധാര, പ്രസാദം ഊട്ട്, പ്രഭാതഭക്ഷണം, അന്നദാനം എന്നിവയും ഗംഗാധര, കൈലാസ, പാണ്ഡവ എന്നീ മൂന്ന് സ്റ്റേജുകളിലായി കലാപരിപാടികളും അരങ്ങേറുമെന്ന് ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.