ഇരിഞ്ചയത്തെ ടൂറിസ്റ്റ് ബസ് അപകടം: കാരണം അമിതവേഗമെന്ന് പോലീസ്; ഡ്രൈവർ കസ്റ്റഡിയിൽ
1496511
Sunday, January 19, 2025 6:17 AM IST
നെടുമങ്ങാട്: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞത് അമിതവേഗം കാരണമാണെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് നെടുമങ്ങാട് കാട്ടാക്കട പെരിങ്കടവിളയിൽനിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാര യാത്ര പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്.
സംഭവശേഷം ഒളിവിൽ പോയ ബസ് ഡ്രൈവർ ഒറ്റശേഖരമംഗലം സ്വദേശി രഞ്ജു എന്ന അരുൾദാസി (34) നെ വലിയ വിളപ്പുറം എന്ന സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടശേഷം സ്ഥലത്തു നിന്നും ഓടി പോവുകയായിരുന്നു അ രുൾദാസ്. രിന്നു. ഇയാൾക്ക് കണ്ണിന്റെ പുരികത്ത് ചെറിയ പരിക്കുണ്ട്. കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ഇയാളെ ഇന്നലെ പുലർച്ചെയാണ് പോലീസ് പിടികൂടിയത്.
ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗത്തിലായിരുന്ന ബസ് ഇരിഞ്ചയത്തുവച്ചു പെട്ടെന്നു വെട്ടി തിരിക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്നു ഡ്രൈവർ പോലീസിനു മൊഴിനൽകി.
നെടുമങ്ങാട്-വെമ്പായം റോഡിലെ നിർമാണത്തിലെ അപാകതയും അപകടത്തിലേക്ക് നയിച്ചെന്നു നാട്ടുകാർ പറയുന്നു. ബസിൽ യാത്ര ചെയ്യുകയായിരുന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ആംബുലൻസുകളിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളജിലേക്കും എസ്എടിആശുപത്രികളിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയി. രാത്രി വൈകിയും നെടുമങ്ങാട് പോലീസും ഫയർഫോഴ്സും പൊതുപ്രവർത്തകരും നാട്ടുകാരും സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
അപകടത്തിൽമറിഞ്ഞ ടൂറിസ്റ്റ് ബസ് ക്രെയിൻ ഉപയോഗിച്ച് പൊക്കി അപകട സ്ഥലത്തുനിന്നും നീക്കം ചെയ്തു. 49പേർ യാത്ര ചെയ്തിരുന്ന ബസിലെ യാത്രക്കാരി കാവല്ലൂർ സ്വദേശിനി ദാസിനി (60) മരണമടഞ്ഞിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിലുണ്ട്. പരിക്കേറ്റ ബാക്കിയുള്ളവർ ചികിത്സയിലാണ്.
പഴകുറ്റി വെമ്പായം റോഡ് വികസിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ ജോലി ആരംഭിച്ചു മൂന്നുവർഷം കഴിഞ്ഞിട്ടും 80 ശതമാനം മാത്രമാണ് പൂർത്തിയായത്. ഒന്നര വർഷമായി ജോലികൾ ഒന്നും നടക്കുന്നില്ല. വസ്തു ഏറ്റെടുക്കുന്നതിലെ അപാകതമൂലം കോൺട്രാക്ടർ വർക്ക് ഉപേക്ഷിച്ച സാഹചര്യമാണുള്ളത്. തുടർന്ന് പലയിടത്തും റോഡിൽ ടാറിംഗ് പൂർത്തിയായിട്ടില്ല.
അപകടം നടന്ന ബസ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പരിശോധന നടത്തി . അമിത വേഗമായിരുന്നു അപകട കാരണമെന്നും കൊടും വളവിൽ വേഗതയിൽ എത്തിയതാണ് ബസ് മറിയാൻ ഇടയാക്കിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അരുൾ ദാസിന്റെ ലൈസൻസ്, ബസിന്റെ ഫിറ്റ് നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, രജിസ്ട്രേഷൻ എന്നിവ റദ്ദു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും നെടുമങ്ങാട് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.