കാട്ടാക്കടയിൽ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
1496880
Monday, January 20, 2025 6:48 AM IST
പോലീസിനു നേരെ ആക്രമണം
കാട്ടാക്കട: കാട്ടാക്കടയിൽ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. പ്രതികളെ പിടികൂടിയത് പെട്രോൾ പമ്പിൽ വച്ച്. കഞ്ചാവുകൈവശംവച്ചു കടത്തി കൊണ്ടുവന്നതിനാണ് മൂന്നു യുവാക്കൾ എക്സൈസ് സ് ക്വാഡിന്റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് ഇവരെ സാഹസികമായി പിടികൂടിയത്. പൂവച്ചൽ നക്രാഞ്ചിറ പെട്രോൾ പമ്പിന്റെ ഉള്ളിൽവച്ചാണ് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നും ബ്ലഡ് പ്രഷറിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും കത്തിയും പിടികൂടി.
കാട്ടാക്കട, പൂവച്ചൽ, കുഴക്കോട് സ്വദേശി മഹേഷ് (34), കാട്ടാക്കട കോട്ടൂർ വട്ടക്കരികം സ്വദേശി അച്ചു (23), കാട്ടാക്കട ആലമുക്ക് സ്വദേശി ശരത് (23) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാറും പാർട്ടിയും ഇന്നലെ ഉച്ചയ്ക്ക് കാട്ടാക്കട ഭാഗത്തുവച്ച് അറസ്റ്റു ചെയ്തത്. ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 100 ഗ്രാം കഞ്ചാവും ഇവരിൽനിന്നു കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
ഇതിനിടെ പ്രതികൾ കത്തി വീശി എകൈ്സസ് സംഘത്തിനു നേരെ തിരിയുകയും മൽപ്പിടുത്തം ഉണ്ടാകുകയും ചെയ്തു. സംഭത്തിൽ പ്രിവന്റീവ് ഓഫീസർ വിപിനു പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാഹസികമായി പിടികൂടിയ പ്രതികളെ കൈയിലും കാലിലും വിലങ്ങിട്ടാണ് എക്സൈസ് വാഹനത്തിൽ കയറ്റിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഇവർ സിറിഞ്ചും മറ്റും കൈവശം വച്ചതിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്. എക്സൈസ് സംഘത്തെ ആക്രമിച്ചതിനുൾപ്പെടെ പ്രതികൾക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്കൂൾ- കോളജുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ ഉൾപ്പെടെ വിതരണം ചെയുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നും ഇവർക്ക് പിന്നിൽ വൻ മാഫിയ തന്നെ ഉണ്ടെന്നും സർക്കിൾ ഇൻസ്പെക്ടർ അജയകുമാർ പറഞ്ഞു. ഇവർക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.