നാലംഗ കുടുംബത്തെ ഒന്നരമാസമായി കാണാനില്ലെന്ന് പരാതി
1497089
Tuesday, January 21, 2025 6:31 AM IST
കാട്ടാക്കട : ഭാര്യയുടെയും കുഞ്ഞിന്റെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ നാലംഗ കുടുംബത്തെ ഒന്നരമാസമായി കാണാനില്ലെന്ന് പരാതി. മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിളവൂർക്കൽ തെങ്ങത്താൻകോട് ശിവശൈലം വീട്ടിൽ വിഷ്ണു (29), ഭാര്യ കാവ്യ (28) മകൾ അൻവിക (4 ) മകൻ അദ്വൈത് (മൂന്ന് മാസം )എന്നിവരെയാണ് ഇക്കഴിഞ്ഞ നവമ്പർ 30 രാവിലെ മുതൽ കാണാനില്ലെന്ന് പരാതി ഉയരുന്നത്.
കാണാതായ ദിവസം കുഞ്ഞിന് കുത്തിവയ്പ്പ് എടുക്കാനും ഭാര്യയുടെ ചികിത്സക്കുമായി തൈക്കാട് ആശുപത്രിയിൽ വിഷ്ണുവും കുടുംബവും ഇവരുടെ കാറിൽ വീട്ടിൽ നിന്നും പോയിരുന്നു. എന്നാൽ പിന്നീട് ഇവർ തിരികെ എത്തിയില്ല.
തുടർന്ന് വിഷ്ണുവിന്റെ അമ്മയും ഭാര്യ കാവ്യയുടെ അമ്മയും ഇവരെ കാണാനില്ല എന്ന് പോലീസിൽ പരാതി നൽകി. പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു. കാണാതായവരുടെ മൊബൈലും പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും യാതൊന്നും തന്നെ കണ്ടെത്താനായില്ല. എന്നാൽ ഇവരിലൊരാൾ തമിഴ്നാട്ടിൽ വച്ച് സോഷ്യൽമീഡിയ ഉപയോഗിച്ചതായും എന്നാൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസ് പറയുന്നു.