ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
1497085
Tuesday, January 21, 2025 6:31 AM IST
പാറശാല: പാറശാല താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന് തീയറ്റര്‍ ഒരാഴ്ച്ചയിലധികമായി പൂട്ടിയിട്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. ഓപറേഷന് തിയേറ്റര്‍ പൂട്ടിയതുമൂലം നിരവധി രോഗികളുടെ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
മുൻകൂട്ടി ശസ്ത്രക്രിയയ്ക്ക് തീയതി ലഭിച്ചവർ ആശുപത്രിയിലെത്തുമ്പോഴാണ് ഓപ്പറേഷൻ തീയറ്റർ പൂട്ടിയിട്ടതായി അറിയുന്നത്. അതേസമയം തീയറ്ററിൽ അറ്റകുറ്റപ്പണി നടക്കുന്നതായാണ് ആശുപത്രി അധികൃതരുടെ ന്യായവാദം.
ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബ്രമിന് ചന്ദ്രന്റെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ തടഞ്ഞുവച്ച് പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രവർത്തകരും ആശുപത്രി അധികൃതരും തമ്മിൽ നടത്തിയ ചര്‍ച്ചയില്‍ വരുന്ന 24ന് മുമ്പായി ഓപ്പറേഷന് തിയറ്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് സൂപ്രണ്ട് ഉറപ്പു നൽകിയതോടെ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. പെരുങ്കടവിള കൃഷ്ണ ശേഖര്‍, കൊല്ലയില്‍ ശാം ലാല്‍, അയ്ങ്കാമം സതീഷ്, അരുവിപ്പുറം കൃഷ്ണകുമാര്‍ ,പാറശാല അഭിലാഷ്, അശ്വിന്, തുടങ്ങിയവര്‍ പങ്കെടുത്തു.