അഷ്ടദിന ഐക്യ പ്രാർഥനയ്ക്കു തുടക്കം
1496510
Sunday, January 19, 2025 6:17 AM IST
തിരുവനന്തപുരം: യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ അഖിലലോക സഭാകൗണ്സിലിന്റെയും വത്തിക്കാൻ പൊന്തിഫിക്കൽ കൗണ്‍സിലിന്റെയും മാർഗനിർദേശങ്ങൾക്കനുസരിച്ചു സംഘടിപ്പിക്കുന്ന അഷ്ടദിന ഐക്യപ്രാർഥനയ്ക്ക് പാളയം സമാധാന രാജ്ഞി ബസിലിക്ക യിൽ തുടക്കമായി.
ജീവദാതാവും അഖിലാണ്ഡത്തെ ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതും സർവശക്തനായ ദൈവമാണെന്ന തിരിച്ചറിവ് വിശ്വാസ ജീവിതത്തിൽ മുന്നോട്ടുപോകുവാൻ നമ്മെ പ്രാപ്തരാക്കുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത അതിരൂപതാ സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളിക്കർപ്പോസ് പറഞ്ഞു. നാം ദൈവത്തിനു ജീവിതത്തിൽ ഒന്നാംസ്ഥാനം കൊടുക്കുന്നവരായി തീരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാളയം സമാധാന രാജ്ഞി ബസിലിക്കാ റെക്ടർ ഫാ. നെൽസൻ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു.
യുസിഎം പ്രസിഡന്റ് പി.പി. വർഗീസ്, മുൻ പ്രസിഡന്റ് ഷെവലിയാർ ഡോ. കോശി എം. ജോർജ്ജ്, ആത്മീയ ഉപദേഷ്ടാവ് റവ. ഡബ്ലു. ലിവിങ്സ്റ്റൻ, റവ. ടി. ദേവപ്രസാദ്, റവ. ജെ.എച്ച്. പ്രമോദ്, പ്രോഗ്രാം ചെയർമാൻ എം.ജി. ജെയിംസ്, മോളി സ്റ്റാൻലി, സുബിൻ ലോറൻസ്, വി.എസ്. സാമുവൽ എന്നിവർ പ്രസംഗിച്ചു.
ഇന്നു വൈകുന്നേരം ആറിനു പാളയം എം.എം. ചർച്ചിൽ വികാരി റവ. ഡി. ജേക്കബിന്റെ അധ്യക്ഷതയിൽ കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ് സന്ദേശം നൽകും. നിഖ്യാ സുന്നഹ ദോസിന്റെ 1700-ാമതു വാർഷികത്തോടനുബന്ധിച്ച് "ഇതു നീ വിശ്വസിക്കു ന്നുവോ?’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.