രാജന്റെ പെയിന്റിംഗുകൾ.. അനീതിക്ക് എതിരേയുള്ള പോരാട്ട ജിഹ്വ
1496881
Monday, January 20, 2025 6:48 AM IST
തിരുവനന്തപുരം: സമൂഹത്തിലെ ഓരോ അനീതിക്കെതിരേയും താൻ വരയ്ക്കുന്ന ചിത്രങ്ങൾ ജിഹ്വയാക്കുകയാണ് ടി.സി. രാജൻ എന്ന ചിത്രകാരൻ. പാലക്കാട് ആദിവാസി യുവാവ് മധുവിനെ ക്രൂരമായി മർദിച്ചുകൊന്ന സംഭവവും ഇന്ന് നാട്ടിൽ കുട്ടികൾക്കു നേരെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും ചിത്രമായി ഓരോ കാഴ്ച്ചക്കാരുടെ മനസിലേക്കും കോറിയിടുന്നു.
2018 ലെ വെള്ളപ്പൊക്കത്തിൽ മത്സ്യത്തൊഴിലാളികൾ നാടിനു നല്കിയ സേവനവും രാജൻ തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തിനു മുന്നിലേയ്ക്ക് വയ്ക്കുന്നു. ഈ ചിത്രങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊള്ളാൻ ചിലർക്കെങ്കിലും കഴിയുമെന്ന ആത്മവിശ്വാസമാണ് സമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ വരയ്ക്കാൻ താൻ തീരുമാനിച്ചതെന്നു രാജൻ തന്നെ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തു നടക്കുന്ന സൂര്യാ ഫെസ്റ്റിവലിൽ ഇദ്ദേഹം വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. കടലോരത്ത് പഴകിദ്രവിച്ച പാലത്തിലിരുന്നു വേണ്ടുവോളം ഭക്ഷണം കഴിക്കുന്ന കാക്കകളുടെ ചിത്രങ്ങളും അട്ടപ്പാടിയിലെ മധുവിന്റെ ചിത്രവും കോർത്തിണക്കിയുള്ള പെയിന്റിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
മൃഗങ്ങൾക്കു പോലും ആവോളം സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കാൻ പറ്റുന്പോൾ ഒരു മനുഷ്യൻ ഭക്ഷണമെടുത്തു എന്നതിന്റെ പേരിൽ കൊല്ലപ്പെട്ട ദാരുണ ദൃശ്യം മനുഷ്യമനസിലേക്ക് ആഴ്ന്നിറങ്ങുന്നതാണു രാജന്റെ പെയിന്റിംഗ്. കുഞ്ഞുനാൾ മുതലേ പെയിന്റിംഗിനോട് താത്പര്യമുണ്ടായിരുന്ന രാജനെ പിതാവാണ് പെയിന്റിംഗ് എക്സിബിഷനുകൾ കാണാൻ കൊണ്ടുപോയത്.
കുട്ടിക്കാലത്ത് പ്രഫഷണലായ പരിശീലനങ്ങൾ ലഭിച്ചിരുന്നില്ല. 22-ാം വയസിൽ ബംഗളൂരുവിൽ ആദ്യമായി പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു ചിത്രപ്രദർശനം നടത്തി. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ചിത്രം വിഎസ്എസിയിൽ വന്നപ്പോൾ വരച്ചു നല്കി. ഇതു കണ്ട് ആകൃഷ്ടനായ രാഷ്ട്രപതി വേളിയുടെ പശ്ചാത്തലത്തിൽ വിഎസ്എസ് സിയുടെ ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. അതു വരച്ചു അയച്ചുകൊടുത്തപ്പോൾ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി നല്കി.
സമൂഹത്തെ വേദനിപ്പിക്കുന്ന വിഷയങ്ങളെയാണ് രാജന്റെ തന്റെ പെയിന്റിംഗുകളിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്. ഓയിൽ പെയിന്റിംഗും ആക്രിലിക് പെയിന്റിംഗുകളുമാണു ചെയ്യുന്നത്. ഇതിനോടകം 50 വേദികളിൽ ചിത്രപ്രദർശനം പൂർത്തിയാക്കി. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ സീനിയർ പ്രോജക്ട് അസിസ്റ്റന്റ് (അക്കൗണ്ട്്) എന്ന നിലയിൽ രാജൻ തന്റെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ച ശേഷമാണു സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാൻവാസിലാക്കുന്നത്.
കേരള ചിത്രകലാ പരിഷത്ത് പ്രസിഡന്റ് എന്ന നിലയിൽ, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായി അദ്ദേഹം നിരവധി ക്യാന്പുകൾ സംഘടിപ്പിച്ചു. വഴുതക്കാട് ആണ് താമസം. ഭാര്യ സിന്ധു ഫെർണാണ്ടസ് വീട്ടമ്മയാണ്. വിദ്യാർഥികളായ സാന്ദ്രാ എസ്. രാജൻ, വർഷ എസ്. രാജൻ എന്നിവരാണു മക്കൾ.